Skip to main content

ഹൈടെക് സ്‌കൂള്‍ പദ്ധതി : മൂന്നാംഘട്ട വിന്യാസത്തിന് 22 നകം വിവരങ്ങള്‍ നല്‍കണം

സംസ്ഥാനത്തെ എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാംഘട്ട വിന്യാസത്തിന് സ്‌കൂളുകള്‍ ഏപ്രില്‍ 22 ന് മുന്‍പ് വിശദാംശങ്ങള്‍ നല്‍കണം.  ആദ്യ രണ്ടുഘട്ടങ്ങളിലായി 33775 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കിയിരുന്നു.  ഇതിന്റെ ഭാഗമായി 2969 സ്‌കൂളുകളിലെ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായി.
        ഏപ്രില്‍ 20 വരെ സജ്ജമായതും മെയ് 18 നു മുന്‍പ് സജ്ജമാക്കാന്‍ കഴിയുന്നതുമായ ക്ലാസ്മുറികളുടെ എണ്ണം സ്‌കൂളുകള്‍ മൂന്നാംഘട്ട വിതരണത്തിന് കൈറ്റിന്റെ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം.  കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ സ്‌കൂള്‍ സന്ദര്‍ശനം നടത്തി ഉറപ്പാക്കിയശേഷം ഏപ്രില്‍ അവസാനവാരത്തില്‍ മൂന്നാംഘട്ട ഹൈടെക് വിന്യാസം നടത്തും. ജൂണ്‍ മാസത്തോടെ മുഴുവന്‍ ക്ലാസ് മുറികളിലും ഹൈടെക് പദ്ധതി നടപ്പാക്കുന്ന രൂപത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നത്.  ഹൈടെക് ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ തയ്യാറായിക്കഴിഞ്ഞു.  ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കി.  'സമഗ്ര' ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നതിന് ഒരുലക്ഷം അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ഏപ്രില്‍ 24 മുതല്‍ എല്ലാ ജില്ലകളിലുമായി 656 കേന്ദ്രങ്ങളില്‍ നടക്കും.
        ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ മുഴുവന്‍ സ്‌കൂളുകളുടേയും വിശദാംശങ്ങള്‍  www.kite.kerala.gov.in  ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.1411/18

date