Skip to main content
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തിന്റെ അവസാന ഗഡു മുഖ്യമന്ത്രി വിതരണം ചെയ്തപ്പോള്‍.(ഫയല്‍ ചിത്രം)

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍

 മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാന്ത്വനസ്പര്‍ശമേകി സര്‍ക്കാര്‍. ദുരിതബാധിതരുടെ കണ്ണീരൊപ്പി ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്്. 
    എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തിന്റെ അവസാന ഗഡുവായ 56.76 കോടി രൂപ  2017-ല്‍ അനുവദിച്ചു.     2011 മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 1318 പേരുടെ പട്ടികയിലുള്ള 610 പേരെ റീകാറ്റഗറൈസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന പട്ടികയില്‍ ഉള്ളവര്‍,  2017 എപ്രിലിലെ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് പുതിയതായി പട്ടികയില്‍ ചേര്‍ത്ത 287 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി 30 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. ദുരിതബാധിതരുടെ  ചികിത്സക്കായി രണ്ടു കോടി രൂപ വീതം പ്രതിവര്‍ഷം അനുവദിക്കുവാനും 2018 മാര്‍ച്ച് 20ല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേകയോഗം തീരുമാനിച്ചു. 2017 എപ്രിലിലെ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയതും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ 657 പേര്‍ക്കുകൂടി സൗജന്യ ചികിത്സ നല്‍കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷമായി മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 7.63 കോടി രൂപയും ഈ സര്‍ക്കാര്‍ അനുവദിച്ചു. 
    വര്‍ഷങ്ങളായി ഇവിടെ നിന്നുള്ള ആവശ്യമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള   പുനരധിവാസ ഗ്രാമം.  മുളിയായാറില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ ഗ്രാമത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ സഹായവും ഇതിനായി ഉപയോഗിക്കാമോയെന്നും സാധ്യമാകുന്ന എല്ലാ സഹായങ്ങളും പുനരധിവാസ ഗ്രാമത്തിന് ലഭ്യമാക്കും. മാത്രമല്ല   പെരിയ മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂളും നിര്‍മ്മാണത്തിലിരിക്കുന്ന മറ്റു ഒന്‍പത് ബഡ്‌സ് സ്‌കൂളുകളും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും.  ഈ സ്‌കൂളുകളിലേക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജീവനക്കാരെ നല്‍കുന്നതിനും ഓരോ കുട്ടിയുടെയും വ്യക്തിഗത പുനരധിവാസ പദ്ധതി അനുസരിച്ച് സേവനം ഉറപ്പാക്കുന്നതിനും സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് 20 ലക്ഷം രൂപ കൂടി അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍  പഠിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത സമിതിയെയും സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇനിയും ദുരിതബാധിതര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അവരെ കണ്ടെത്തി എല്ലാ സഹായവും ചെയ്യും. 
    ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍  പുനസംഘടിപ്പിച്ചു.   എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ അടിസ്ഥാന വികസനം ലക്ഷ്യമാക്കി  നബാര്‍ഡ് ആര്‍ ഐ ഡി എഫ്  സ്‌കീമില്‍ ഉള്‍പ്പെടുത്തി  സ്‌കൂള്‍ കെട്ടിടങ്ങള്‍, അംഗണവാടികള്‍,  ആരോഗ്യസ്ഥാപനങ്ങള്‍, ജലവിതരണ പദ്ധതികള്‍ എന്നിവ നിര്‍മ്മിച്ചുവരുന്നുണ്ട്. 233 പദ്ധതികളില്‍ 197 പദ്ധതികള്‍ പൂര്‍ത്തിയായി. ഈ പദ്ധതികള്‍ക്കായി ഈ സര്‍ക്കാര്‍  51 കോടി രൂപ ചെലവഴിച്ചു. പുല്ലൂര്‍-പെരിയ പഞ്ചാത്തില്‍ സായ് ട്രസ്റ്റ് 36 വീടുകള്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ചിട്ടുണ്ട്. 
    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലകളിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി ദുരിതബാധിതര്‍ക്ക് സൗജന്യ സ്‌പെഷലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്നുണ്ട്. വിദഗ്ധ ചികിത്സ നല്‍കുന്നതിനായി കേരളത്തിലും കര്‍ണ്ണാടകയിലുമായി 17 ആശുപത്രികള്‍ എം പാനല്‍ ചെയ്തിട്ടുണ്ട്. കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സ ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ആവശ്യമായ വീടുകളിലെത്തി സാന്ത്വന ചികിത്സ നല്‍കുന്നതിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്റ്റാഫ് നേഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. വൃക്ക രോഗബാധിതരില്‍ ഹീമോ ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു. ഇതിനായി എട്ട് ഡയാലിസിസ് മെഷിനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
    ദുരിതബാധിതരെ ചികിത്സക്കായി ആശുപത്രികളില്‍ എത്തിക്കുന്നതിനായി  ജില്ലയിലെ 11 പഞ്ചായത്തുകളിലും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ  ഗ്രാമപഞ്ചായത്തുകളിലെ സിഎച്ച്‌സി , പിഎച്ച്‌സികളില്‍  ഫിസിയോ തെറാപ്പിസ്റ്റ്മാരെ നിയമിച്ചിട്ടുണ്ട്. കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി ഗുണഭോക്താക്കള്‍ക്ക് സൗജന്യ സേവനം നല്‍കുന്നുണ്ട്.  ജില്ല ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സുസജ്ജമായ ഫിസിയോ തെറാപ്പി യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആശുപത്രികളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിലാണ്. 
       എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാതെ മരിച്ചവരും എന്നാല്‍  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെന്ന് കണ്ടെത്തിയിട്ടുള്ളവരുമായവരുടെ  ആശ്രിതര്‍ക്ക്  ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രത്യേക ധനസഹായം അനുവദിച്ചു വരുന്നുണ്ട്.
 എന്‍ഡോസള്‍ഫാന്‍  ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന അവരുടെ രോഗാവസ്ഥയുടെ അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ച് 1200, 2200 രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നുണ്ട്. ഈ ഇനത്തില്‍ 2016-2018 കാലഘട്ടത്തില്‍ 19,44,03,195 വിതരണം ചെയ്തു. ദുരിതം മൂലം കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് സ്‌പെഷല്‍  ആശ്വാസകിരണ്‍ പദ്ധതി മുഖേന പ്രതിമാസം 700 രൂപയും അനുവദിക്കുന്നുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപവീതം നല്‍കി.    ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും ഓണത്തോടനുബന്ധിച്ച് ആയിരം രൂപ വീതം ധനസഹായം നല്‍കുന്നുണ്ട്. മാത്രമല്ല പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് 200 യൂണിറ്റ് വരെ  നിരക്കില്‍ ഇളവ് കെ എസ് ഇ ബി അനുവദിക്കുണ്ട്. 

date