Skip to main content

സമഗ്ര ജില്ലാ പദ്ധതി : ജനപ്രതിനിധി- ഉദ്യോഗസ്ഥ യോഗം ഇന്ന്

സമഗ്ര ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് (നവബര്‍ 15) രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളനഹാളില്‍ യോഗം ചേരും. ഇതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്  പദ്ധതി തയ്യാറാക്കുന്നതിന്റെ പുരോഗതി വിലയിരുത്തി. 

ജില്ലയിലെ എം.പി.മാര്‍ , എം.എല്‍.എ.മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , വിവിധ സംഘടനാ പ്രവര്‍ത്തകര്‍, വിവിധ വികസന ഏജന്‍സികള്‍, മിഷനുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.  സമഗ്ര ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി വിഷയാടിസ്ഥാനത്തില്‍ രൂപവത്കരിച്ച 22 ഉപസമിതി കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തം അവതരിപ്പിക്കും.അന്തിമ കര്‍മപരിപാടിക്ക് രൂപം നല്‍കുന്നതിനുള്ള   പൊതു നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓരോ വകുപ്പും നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവയ്ക്കുള്ള പരിഹാര മാര്‍ഗം തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ല-സംസ്ഥാന ആസൂത്രണ സമിതികളുടെ അംഗീകാരത്തിന് ശേഷം 2018-19ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനെയാണ് റിപ്പോര്‍ട്ടിലുള്ള പദ്ധതികള്‍ നടപ്പാക്കുക. 

കൃഷിയും മണ്ണ് -ജലസംരക്ഷണവും, ജലസേചനം, മൃഗസംരക്ഷണം-ക്ഷീരവികസനം, മത്സ്യബന്ധനം, പരിസ്ഥിതി-കാലാവസ്ഥാ-വനം വികസനം, വ്യവസായം-വാണിജ്യം -സ്വയംതൊഴില്‍, ആരോഗ്യം, കുടിവെള്ളം-ഭൂജലം, ശുചിത്വം, പാര്‍പ്പിടം-ദാരിദ്യനിര്‍മാര്‍ജനം,. സാമൂഹിക സുരക്ഷ, വിദ്യാഭ്യാസ-സംസ്‌കാരം-കായികം-യുവജനക്ഷേമം, ഊര്‍ജം, പശ്ചാത്തല വികസനം-റോഡുകള്‍-പാലങ്ങള്‍-കെട്ടിടങ്ങള്‍, വാര്‍ത്താവിനിമയം, വിനോദ സഞ്ചാരം, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം, വനിതാക്ഷേമം-കുടുംബശ്രീ തുടങ്ങി 20 ഉപസമിതികളാണ്  സമഗ്ര ജില്ലാ പദ്ധതിക്കായി രൂപവത്കരിച്ചിട്ടുള്ളത്. 

ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ ചെയര്‍പേഴ്‌സന്മാരായിട്ടുള്ള സമിതിയിലെ കണ്‍വീനര്‍മാര്‍ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരാണ്.  ജില്ലാ സമഗ്ര പദ്ധതിയുടെ കരട് നവംബര്‍ 22നകം തയ്യാറാക്കും. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാരുടേയും ജില്ലാ പ്ലാനിങ് ഓഫീസര്‍മാരുടേയും യോഗം തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സമഗ്ര ജില്ലാ പദ്ധതി കോഡിനേറ്റര്‍ സി.പി.ജോണ്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ.ഫാത്തിമ, ഉപസമിതി കണ്‍വീനര്‍മാരായ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
 

date