Skip to main content

അഴിമതി തടയാന്‍ സര്‍വീസ് സംഘടനകള്‍ മുന്‍കൈ എടുക്കണം: മുഖ്യമന്ത്രി

 

സിവില്‍ സര്‍വീസിലെ അഴിമതിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

  അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജീവനക്കാരില്‍ മഹാഭൂരിപക്ഷം അഴിമതി തീണ്ടാത്തവരാണ്. എന്നാല്‍ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കാണുന്നു. സിവില്‍ സര്‍വീസില്‍ അഴിമതി പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് സംഘടനകള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍വീസ് സംഘടനാപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. 

സര്‍വീസ് രംഗത്തെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സര്‍വീസ് സംഘടനകള്‍ സ്വയമേവ മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്.  സിവില്‍ സര്‍വീസ് ശക്തിപ്പെടുത്തുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  പി.എസ്.സി മുഖേന ഇതിനോടകം 70,000 ഓളം പേരെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.  13,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അത്യാവശ്യം വേണ്ടിടത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കാതിരിക്കുന്നില്ല.  എങ്കിലും ആവശ്യമായ ഇടങ്ങളില്‍ പുനര്‍വിന്യാസം വേണ്ടിവരും.  സ്ഥലം മാറ്റങ്ങള്‍ മാനദണ്ഡപ്രകാരം മാത്രം നടത്തുക എന്നതാണ് സര്‍ക്കാര്‍ നയം.  പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ചെറിയ തസ്തികകളില്‍ ഉയര്‍ന്ന ശമ്പളക്കാര്‍ ഡെപ്യൂട്ടേഷന്‍ നിയമനം നേടുന്നത് വകുപ്പിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ അത് പ്രോത്സാഹിപ്പിക്കില്ല.  വര്‍ക്കിങ് അറേഞ്ച്മെന്റ് സംവിധാനവും പൂര്‍ണമായും നിരുത്സാഹപ്പെടുത്തും.  ജീവനക്കാര്‍ ഓഫീസ് സമയത്ത് ഓഫീസിലുണ്ടായിരിക്കണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.  അക്കാര്യം ഉറപ്പ് വരുത്താന്‍ ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണം.  

ഒക്ടോബറോടുകൂടി ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കും.  ജീവനക്കാരുടെ ഇടയില്‍ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവണം.  പുതിയതായി സര്‍വീസിലെത്തുന്ന ജീവനക്കാര്‍ക്ക് നിശ്ചിതകാലം പരിശീലനം നല്‍കണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ജീവനക്കാര്‍ പെരുമാറ്റച്ചട്ടം നല്ല രീതിയില്‍ ശീലിക്കാന്‍ തയാറാവണം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്നതില്‍ തര്‍ക്കമില്ല. ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.  നവമാധ്യമരംഗത്ത് കാണിക്കേണ്ട മിതത്വം പലപ്പോഴും പല ജീവനക്കാരും കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ജീവനക്കാര്‍ തയാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമേ സംവരണം ബാധകമാകൂ എന്നും ബൈട്രാന്‍സ്ഫര്‍, പ്രമോഷന്‍ വിഭാഗക്കാരുടെ കെ.എ.എസ് നിയമനത്തില്‍ സംവരണം ബാധകമാകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  കെ.എ.എസ് താമസംവിനാ നടപ്പിലാക്കും. 

വികസന, ക്ഷേമ, ഭരണ കാര്യങ്ങളില്‍ സര്‍ക്കാരിന് പൊതുതാത്പര്യം മാത്രമേ ഉള്ളു. ഫയലുകള്‍ നീക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം.  ഭരണഭാഷ മലയാളമാക്കിയെങ്കിലും ചില വകുപ്പുകളില്‍ ഇപ്പോഴും എഴുത്തുകുത്തുകള്‍ മലയാളത്തിലായിട്ടില്ല എന്നത് പരിശോധിക്കണം.  മേലധികാരിയുടെ നേതൃത്വത്തില്‍  ഓഫീസുകളില്‍ മാസത്തിലൊരിക്കല്‍ അവലോകനയോഗം നടത്തുന്നത് ഓഫീസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ സഹായിക്കും.  

ഡിജിറ്റല്‍ ഫയലിംഗ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്.  ആദ്യഘട്ടങ്ങളില്‍ ചില പ്രയാസമുണ്ടാവുമെങ്കിലും ഇത് പൊതുസമൂഹത്തിന് താല്പര്യമുള്ള കാര്യമാണ്.  അത് പ്രോത്സാഹിപ്പിക്കണം. ഇ-ഗവേണന്‍സും, ഇ-ഫയലിംഗും എല്ലാ ഓഫീസുകളിലും പ്രാവര്‍ത്തികമാക്കും. പൊതുജനങ്ങള്‍ കൂടുതലായി ബന്ധപ്പെടുന്ന ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഉണ്ടാവണം. ഓഫീസില്‍ അത്യാവശ്യം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംഘടനകളുടെ കൂടി ശ്രദ്ധ വേണം.

സേവനാവകാശ നിയമം പൊതുവില്‍ പ്രാവര്‍ത്തികമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഓഫീസില്‍ എന്തെല്ലാം സേവനങ്ങള്‍ നല്‍കുന്നു എന്ന വിവരം എഴുതി പ്രദര്‍ശിപ്പിക്കണം. 

ജീവനക്കാരുടെ കുടിശ്ശികയുള്ള ക്ഷാമബത്ത ലഭ്യമാക്കാനും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കാനും നടപടി സ്വീകരിക്കും.  ഭവന നിര്‍മാണ വായ്പ സര്‍ക്കാരിന്റെ സാമ്പത്തിക നിലയെ ബാധിക്കാത്ത വിധം ജീവനക്കാര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.  സംയോജനം ചില വകുപ്പുകളില്‍ മാത്രമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തുമായി ബന്ധപ്പെട്ട വകുപ്പുകളാണ് സംയോജിപ്പിക്കുന്നത്. 

ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തിയതില്‍ സംഘടനാ പ്രതിനിധികള്‍ നന്ദി അറിയിച്ചു.  അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് നടപ്പിലാക്കാന്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി.  ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.1828/18

date