Skip to main content

'സ്വിം ആന്റ് സര്‍വൈവ്' പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് * സ്‌കൂള്‍ കുട്ടികള്‍ക്ക് ശാസ്ത്രീയ നീന്തല്‍ പരിശീലനം ലക്ഷ്യം

    സ്‌കൂള്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന കായിക യുവജനകാര്യവകുപ്പിന്റെ 'സ്വിംആന്റ് സര്‍വൈവ്' പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്. തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന പദ്ധതി തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലേക്ക് കൂടി ഈ അധ്യയന വര്‍ഷം വ്യാപിപ്പിക്കും. ശാസ്ത്രീയമായ പഠനത്തിനായി പ്രത്യേക കൃത്രിമ പൂള്‍ തയാറാക്കിയാണ് പരിശീലനം. വിദഗ്ധ പരിശീലകരുടെ മേല്‍നോട്ടത്തില്‍ ആദ്യഘട്ടം പരിശീലിപ്പിച്ചുകഴിഞ്ഞാല്‍ ഇവരെ നീന്തല്‍ കുളത്തില്‍ നീന്തുന്നതിന് പ്രാപ്തരാക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പരിശീലനമാണ് നല്‍കുന്നത്.
    കഴിഞ്ഞവര്‍ഷം 8000ല്‍ അധികം കുട്ടികള്‍ക്ക് ഇതുവഴി പരിശീലനം ലഭിച്ചിരുന്നു. ഈ വര്‍ഷം പ്രത്യേകശ്രദ്ധ നല്‍കുന്ന തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കായി കേന്ദ്രീകൃത പരിശീലന സൗകര്യമാണ് ഒരുക്കുക. 4000ല്‍ അധികം പേര്‍ക്ക് ഓരോ ജില്ലകളിലും പരിശീലനം ലഭ്യമാക്കും.
എട്ടുമാസത്തോളം പദ്ധതി പ്രകാരമുള്ള പരിശീലനവും മാര്‍ഗനിര്‍ദേശവും കുട്ടികള്‍ക്ക് ലഭിക്കും. ഘട്ടംഘട്ടമായി കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ കുട്ടികളെയും നീന്തല്‍ പഠിപ്പിക്കുകയാണ് ലക്ഷ്യം. കായലുകള്‍, നദികള്‍, കടല്‍ത്തീരം തുടങ്ങിയവ ഏറെയുള്ള സംസ്ഥാനമെന്ന നിലയില്‍ ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങള്‍ കുറയ്ക്കാനായാണ് പദ്ധതി ആരംഭിച്ചത്. ഇതിനുപുറമേ, ശാസ്ത്രീയ പരിശീലനം ലഭിച്ചാല്‍ അഭിരുചിയുള്ളവര്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളിലുള്ള നീന്തല്‍താരങ്ങളായി മാറാനും കഴിയും. ഈ വര്‍ഷം പദ്ധതിയ്ക്കായി 50 ലക്ഷം രൂപ കൂടി നീക്കിവെച്ചിട്ടുണ്ട്.   
പി.എന്‍.എക്‌സ്.2002/18
 

date