Skip to main content

ജലസ്രോതസുകളുടെ വീണ്ടെടുപ്പില്‍ ജില്ല മാതൃക: മന്ത്രി തോമസ് ഐസക്

കൊച്ചി: ജലസ്രോതസുകളുടെ വീണ്ടെടുപ്പിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് എറണാകുളം ജില്ലയെന്ന് ധനമന്ത്രി തോമസ് ഐസക്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം  മിഷന്റ  ഭാഗമായി  നടപ്പാക്കിയ 100 കുളം പദ്ധതി മൂന്നാം ഘട്ടം സമാപനം ഉദ്ഘാടനം രായമംഗലം പഞ്ചായത്തിലെ ചെങ്ങതാരിചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരിച്ച കുളങ്ങള്‍ ഇതേ രീതിയില്‍ നിലനിര്‍ത്തുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നവീകരിച്ച കുളങ്ങളില്‍ എന്തെല്ലാം ചെയ്യാം, കുളങ്ങളിലേക്ക് വെള്ളം വരുന്ന ചാലുകള്‍ എങ്ങിനെ പരിപാലിക്കാം, വെള്ളം കൃഷിക്കായി എങ്ങനെ ഉപയോഗപ്പെടുത്താം, മാലിന്യവും ചെളിയും നിറയാതെ ശുദ്ധമായി എങ്ങിനെ നിലനിര്‍ത്താം എന്നീ കാര്യങ്ങള്‍ പ്രത്യേക പദ്ധതിയായി തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൃഷി, മീന്‍ വളര്‍ത്തല്‍ എന്നിവ നടപ്പാക്കുന്നതിന് പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പെയ്യുന്ന മഴ മഴക്കാലം തീരും മുന്‍പ് ഒഴുകി കടലിലെത്തിച്ചേരുന്നത് പ്രതിരോധിച്ചില്ലെങ്കില്‍ കേരളവും ഇവിടുത്തെ പച്ചപ്പും ഇല്ലാതാകും. ജലസംരക്ഷണം ഏറ്റവും വലിയ കടമയാണ്. കേരളത്തിലെ മുഴുവന്‍ തോടുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം. സര്‍ക്കാരിന് തനിച്ച് ഇത് ചെയ്യാനാകില്ല. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ സര്‍ക്കാര്‍ സംവിധാനത്തെ ഫലപ്രദമായി വിനിയോഗിച്ച് ഇത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം. വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ ഫണ്ട്, സിഎസ്ആര്‍ ഫണ്ട് എന്നിവ സംയോജിപ്പിക്കണം. സര്‍ക്കാരിനെയും ജനങ്ങളെയും കൂട്ടിച്ചേര്‍ക്കാനുള്ള വലിയ ശ്രമം കൂടിയാണിത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഏറ്റവും ഉത്തമ മാതൃക കൂടിയാണ് ജില്ലയില്‍ സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

100 കുളം പദ്ധതിക്ക് നേതൃത്വം നല്‍കിയ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയെ ചടങ്ങില്‍ മെമന്റോ നല്‍കി മന്ത്രി ആദരിച്ചു. ഹരിത കേരളം മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് ടിമ്പിള്‍ മാഗി, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗീത ദേവി, പ്രൊജക്ട് ഡയറക്ടര്‍ പോവര്‍ട്ടി അലീവിയേന്‍ യൂണിറ്റ് കെ.ജി. തിലകന്‍, അന്‍പൊടു കൊച്ചി വോളന്റിയര്‍മാര്‍, എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍, നെഹ്‌റു യുവ കേന്ദ്ര, തൊഴിലുറപ്പു പദ്ധതി, കുടുംബശ്രീ, റോട്ടറി കൊച്ചിന്‍ മിലന്‍ എന്നിവരെയും ആദരിച്ചു.  നവീകരിച്ച കുളങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ച ഡോക്യമെന്റ് പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു മന്ത്രിക്ക് കൈമാറി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ എംസിജെ വിദ്യാര്‍ഥികളാണ് ഡോക്യുമെന്റ് തയാറാക്കിയത്.   

2016 ല്‍ തുടക്കമിട്ട കുളം നവീകരണ പദ്ധതിയുടെ ഭാഗമായി 46 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ ആകെ 313 കുളങ്ങള്‍ നവീകരിച്ചതായി ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. രായമംഗലം പഞ്ചായത്തിലെ രണ്ട് ഏക്കര്‍ വരുന്ന ചെങ്ങതാരിചിറയോടെ 108 ാമത് കുളമാണ് ഈ വര്‍ഷം നവീകരണം പൂര്‍ത്തിയാക്കുന്നത്. മാര്‍ച്ച് 4 നു  ആരംഭിച്ച പദ്ധതി 75 ദിവസങ്ങള്‍ കൊണ്ട്  100  പൊതുകുളങ്ങള്‍ നവീകരിച്ചു  കൊണ്ട്  പ്രഖ്യാപിത  ലക്ഷ്യം  മറികടന്നിരുന്നു. 

2016 ല്‍ എന്റെ കുളം എറണാകുളം എന്ന പേരില്‍ 55 പൊതുകുളങ്ങളും 2017 ല്‍ 50 ദിവസം കൊണ്ട്  100 കുളം എന്ന  പേരില്‍ 60  ദിവസങ്ങള്‍  കൊണ്ട്  151 കുളങ്ങളും  നവീകരിച്ചിരുന്നു. ഈ വര്‍ഷം നുറു കുളം  മൂന്നാം ഘട്ടം എന്ന  പേരില്‍  ആരംഭിച്ച പദ്ധതിയില്‍ 108 കുളങ്ങള്‍ നവീകരിച്ചു. കൊച്ചിന്‍  ഷിപ്പിയാര്‍ഡിന്റെ  സാമൂഹ്യപ്രതിബന്ധതാ ഫണ്ട് വിഹിതവും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഹരിത കേരളം പദ്ധതി ഫണ്ടും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആദ്യ  ആഴ്ച ആമ്പല്ലൂര്‍ പഞ്ചായത്തിലെ  ചമ്പന്നകുളവും അടുത്ത ആഴ്ച രണ്ടു കുളങ്ങളും മുന്നാമത്തെയാഴ്ച അഞ്ചുകുളങ്ങളുമാണ് ശുചീകരിച്ചത്. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളുടെയും  പൊതു ജനങ്ങളുടെയും  അവേശകരമായ പങ്കാളിത്തത്തോടെ  ഏപ്രില്‍ രണ്ടാം  വാരത്തോടെ  ആഴ്ചയില്‍ 15 കുളങ്ങള്‍ വീതം നവീകരിച്ചു.

അവധിദിനങ്ങളില്‍, നവീകരണ  പ്രവര്‍ത്തനങ്ങളില്‍ ജില്ലാ  കളക്ടര്‍  മുഹമ്മദ്.  വൈ.  സഫിറുള്ള  നേരിട്ട്  പങ്കാളിയായി. സബ്  കളക്ടര്‍,  അസി.  കളക്ടര്‍,  ഡെപ്യൂട്ടി കളക്ടര്‍മാര്‍,  മറ്റു  ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മേല്‍നോട്ടം വഹിച്ചിരുന്നു. അന്‍പൊടു കൊച്ചി വോളന്റിയര്‍മാരുടെ  സന്നദ്ധ സേവനവും,  ഹരിതകേരളം  മിഷന്‍, മൈനര്‍ ഇറിഗേഷന്‍, ശുചിത്വ മിഷന്‍, എന്‍എസ്എസ് ടെക്‌നീകല്‍ സെല്‍, നെഹ്‌റു  യുവ കേന്ദ്ര, തൊഴിലുറപ്പു പദ്ധതി എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയും  പദ്ധതി  വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന്  സഹായിച്ചു.  കുളങ്ങള്‍  നന്നായി  പരിപാലിക്കുന്ന  തദ്ദേശസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ പ്രത്യേക അവാര്‍ഡുകളും  നല്‍കിയിരുന്നു. 

ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.എ. സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി ജോര്‍ജ്, ബേസില്‍ പോള്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുഗോപാലകൃഷ്ണന്‍, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, പഞ്ചായത്ത് അംഗം എല്‍സി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date