Skip to main content

വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും പോളിങ് തുടർച്ചയായി 11 മണിക്കൂർ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ  ഇന്നു(മെയ് 28) രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തുടർച്ചയായി 11 മണിക്കൂറാണ്  പോളിങ് സമയം. അവസാന സമയമായ വൈകീട്ട് ആറിന് നിരയിലുള്ള അവസാനത്തെയാൾ മുതൽ മുന്നിലേക്ക് പാസ് നൽകും. അവസാനത്തെയാൾക്കും വോട്ടുചെയ്യാൻ അവസരമുണ്ടാകും.

 

    ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഒരുക്കിയ വിതരണകേന്ദ്രത്തിൽ നിന്ന് പോളിങ് സാമഗ്രികൾ  ഏറ്റുവാങ്ങിയ പോളിങ് ഉദ്യോഗസ്ഥർ അതത് ബൂത്തുകളിലെത്തി.  രാത്രിയോടെ കമ്പാർട്ടുമെന്റുകൾ  സജ്ജമാക്കി ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കി. 

 

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുമ്പ് മോക്ക് പോൾ നടത്തും. അതതു പ്രിസൈഡിംഗ് ഓഫീസർമാർ ഇതു പരിശോധിച്ച് തൃപ്തികരമാണെന്ന് സർട്ടിഫിക്കറ്റ് തയാറാക്കും. 17 സഹായക ബൂത്തുകൾ ഉൾപ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്. ഇതിൽ 22 പ്രശ്‌നബാധിത ബൂത്തുകളും ഉൾപ്പെടുന്നു. ഇവിടെ വെബ്കാമറ സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ നിരീക്ഷിക്കും. 

 

സ്ഥാനാർഥിയുടെ ഏജന്റുമാർ നിശ്ചിത സമയത്ത് ഹാജരായിട്ടില്ലെങ്കിൽ അക്കാര്യം പ്രിസൈഡിംഗ് ഓഫീസർ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറെ ഉടൻ അറിയിക്കണം. വോട്ടെടുപ്പ്  നിരീക്ഷിക്കുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയാൽ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാൻ  സെക്ടർ ഓഫീസർമാർ  പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമുള്ളിടത്ത് അരമണിക്കൂറിനുള്ളിൽ വോട്ടെടുപ്പ് യന്ത്രം മാറ്റിവയ്ക്കാൻ നടപടി സ്വീകരിക്കണം. ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ  ഉടൻ തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കി പരാതി പരിഹാരത്തിന് നടപടികൾ സ്വീകരിക്കണം. 

 

 ഓരോ ബൂത്തിലും പുരുഷ, സ്ത്രീ, ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം  സംബന്ധിച്ച റിപ്പോർട്ട്  രണ്ടുമണിക്കൂർ ഇടവിട്ട് റിട്ടേണിംഗ് ഓഫീസർക്ക് നൽകണം. ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ തത്സമയ നടപടിയും റിപ്പോർട്ടും  അയയ്ക്കണം. വോട്ടെടുപ്പ് തീരുന്ന മുറയ്ക്ക് യന്ത്രങ്ങൾ മുദ്ര വയ്ക്കണം. പോലീസ് സഹായത്തോടെയാണു യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുന്നത്. 

 

 ബൂത്തുകളിൽ വോട്ടർമാർക്കായി വിപുലമായ സൗകര്യങ്ങളാണ് ഏർ പ്പെടുത്തിയിരിക്കുന്നത്. ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ഉൾപ്പെടെ ഉണ്ടായിരിക്കും. 

 

          (പി.എൻ.എ 1104/ 2018)

 

date