Skip to main content

വിതരണകേന്ദ്രങ്ങളിൽ  സൗകര്യം കൂടി

ആലപ്പുഴ: മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വിതരണകേന്ദ്രത്തിൽ ഇക്കുറി കൂടുതൽ സൗകര്യം ഒരുക്കിയത് പോളിങ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി. മുമ്പ് മരത്തണലിലും മറ്റുമിരുന്ന് പോളിങ് സാമഗ്രികൾ എണ്ണിത്തിട്ടപ്പെടുത്തിയവർക്ക് ഇത്തവണത്തെ ക്രമീകരണത്തിൽ തികഞ്ഞ മതിപ്പാണുണ്ടായിരുന്നത്. വിതരണകേന്ദ്രത്തിലെത്തിയ ജില്ല കളക്ടർ ടി.വി.അനുപമയോട്  പലരും ഇക്കാര്യം പറഞ്ഞ് അഭിനന്ദനം അറിയിക്കുകയും ചെയ്തു. കുടിവെള്ളം, പൂർണസജ്ജമായ മെഡിക്കൽ സൗകര്യം, ഫയർ ആൻഡ് റസ്‌ക്യൂ തുടങ്ങിയവയെല്ലാം വിതരണകേന്ദ്രത്തിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. 

(പി.എൻ.എ 1105/ 2018) 

മാതൃകാ പോളിങ് ബൂത്തുകളിൽ വികലാംഗർക്കും 

മുതിർന്ന പൗരൻമാർക്കും സഹായികൾ

 

ആലപ്പുഴ: വോട്ടെടുപ്പ് കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക, വോട്ടർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ള മാതൃകാ പോളിങ് സ്റ്റേഷനുകൾ പൂർണ സജ്ജമായി. അഞ്ചുമോഡൽ പോളിങ് സ്റ്റേഷനുകളാണ് ചെങ്ങന്നൂരിൽ ഉള്ളത്. വോട്ടവകാശം ആസ്വദ്യകരമായി വിനിയോഗിക്കുവാൻ അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വികലാംഗർക്കും മുതിർന്ന പൗരൻമാർക്കും സഹായികൾ ഉണ്ടാകും. എൻ.എസ്.എസ്.വോളണ്ടിയർമാരെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളത്.  

 

ബൂത്തിൽ പ്രവേശിക്കുന്നയിടം മുതൽ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങൾ, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകൾ, വിശ്രമസ്ഥലം, മെഡിക്കൽ സംഘം  തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. ഫീഡിങ് റൂമും ഇവിടെയുണ്ടാകും. വോട്ട് ചെയ്ത് ഇറങ്ങുന്നവർക്ക്   അഭിപ്രായങ്ങളെഴുതാൻ പ്രത്യേക പുസ്തകവും സജ്ജമാക്കിയിട്ടുണ്ട്. വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് വൃക്ഷത്തൈയും നൽകും. ജില്ലാ കളക്ടറുടെ നന്ദി കാർഡും നൽകും.

 

ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ടി.വി. അനുപമ ബൂത്തിലെത്തി സൗകര്യങ്ങൾ പരിശോധിച്ചു. എ.ഡി.സി. ജനറൽ വി.പ്രദീപ്കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് മാതൃകബൂത്ത് സജ്ജമാക്കിയത്. 

(പി.എൻ.എ 1106/ 2018) 

 

 

ഭീഷിണിയും പ്രലോഭനവും അരുത്: ജില്ലാ കളക്ടർ

 

ആലപ്പുഴ: ജനാധിപത്യ വ്യവസ്ഥയിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും വോട്ടു ചെയ്യാൻ അവകാശമുണ്ട്. സ്ഥാനാർത്ഥികളെയോ അവരുമായി ബന്ധപ്പെട്ടവരെയോ അനുയായികളെയോ ഭീഷിണിപ്പെടുത്തിയോ ദൈവീകമോ, സാമുദായികമോ ആയ അപ്രീതിക്കു പാത്രമാകുമെന്നും വിശ്വസിപ്പിച്ചോ സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് വിലക്കുകയോ അതിൽ ഇടപെടുകയോ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171ഇ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി.അനുപമ  അറിയിച്ചു. 

കള്ളവോട്ട് ചെയ്യുന്നതും കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഇന്ത്യന് ശിക്ഷ നിയമത്തിലെ 171 ഉപവകുപ്പ് പ്രകാരം ഒരു വർഷം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഏതെങ്കിലും വോട്ടർക്കോ സ്ഥാനാർത്ഥിക്കോ വോട്ടു ചെയ്യുന്നതിന് വോട്ടർക്ക് കൈക്കൂലിയോ പാരിതോഷികങ്ങളോ നൽകുന്നതും വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണ്. ബൂത്ത് പിടിക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, ഭീഷിണിപ്പെടുത്തുക, വോട്ടു ചെയ്യുന്നതില് നിന്നും തടസ്സപ്പെടുത്തുക എന്നിവ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ 135 എ വകുപ്പ് പ്രകാരം മൂന്നു വര്ഷം വരെ തടവും പിഴയും അല്ലെങ്കിൽ ഇത് രണ്ടോടു കൂടിയോ ലഭിക്കുന്ന കുറ്റമാണ്. 

 

ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും നിർഭയമായി അധികാരികൾക്ക് പരാതി നല്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് കാര്യാലയം, ജില്ല തിരഞ്ഞടുപ്പ് അധികാരിയുടെ കാര്യാലയം (ഫോൺ 0477-2230228, 0477-2243721) എന്നിവിടങ്ങളിൽ പരാതിപ്പെടാവുന്നതാണ്. 

(പി.എൻ.എ 1107/ 2018) 

 

 

199340 വോട്ടർമാർ  ഇന്ന് ബൂത്തിലേക്ക്

 

ചെങ്ങന്നൂർ മണ്ഡലത്തിൽ 199340  വോട്ടർമാർ  ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇതിൽ 92919 പുരുഷ വോട്ടര്മാരും 106421 സ്ത്രീ വോട്ടര്മാരുമാണ്. നോട്ടയുൾപ്പടെ 18 സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്.  അതിനാൽ എല്ലാ പോളിങ് ബൂത്തിലും രണ്ടു വീതം വോട്ടിങ് യന്ത്രങ്ങൾ ഉണ്ടാകും. 2016ലെ പൊതുതിരഞ്ഞെടുപ്പിൽ നോട്ടയുൾപ്പടെ ഏഴു സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ ഒരു വനിത സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിൽ ഇക്കുറി മൽസരരംഗത്തുള്ളവർ എല്ലാം പുരുഷന്മാരാണ്.  

വോട്ടെടുപ്പ് സമാധാനപരമായിരിക്കാൻ എല്ലാ സജ്ജീകരണങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പൂർത്തിയാക്കിക്കഴിഞ്ഞു. വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കുന്നതിനായി ചെങ്ങന്നൂർ മണ്ഡലത്തിൽ ഇന്ന് പൊതുഅവധിയും നല്കിയിരിക്കുകയാണ്.

 

മണ്ഡലത്തിൽ 17 സഹായക ബൂത്തുകൾ ഉൾപ്പടെ 181 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ എട്ടെണ്ണം നഗരപ്രദേശത്തും 80 എണ്ണം ഗ്രാമപ്രദേശത്തുമാണ്. ഇതിൽ 10 പോളിങ് ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുന്നവയാണ്. എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ ഉപതിരഞ്ഞെടുപ്പിനുണ്ട്.  ചെയ്ത വോട്ട് ആര്ക്കാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമാണിത്. വോട്ടിംഗ് യന്ത്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന വിവിപാറ്റ് ഉപകരണത്തിൽ ഓട്ടോമാറ്റിക്കായി പ്രിന്റ് ചെയ്യുന്ന പേപ്പറിൽ വോട്ടു ചെയ്ത സ്ഥാനാര്ത്ഥിയുടെ പേരും ചിഹ്നവും കാണാം.

(പി.എൻ.എ 1108/ 2018) 

 

date