Skip to main content

വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമണത്തിനെതിരായ അന്വേഷണം ജില്ലാ പോലീസ് മേധാവി ഏറ്റെടുക്കണം: ന്യൂനപക്ഷ കമ്മീഷന്‍

 

 

കൊച്ചി: വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമണങ്ങള്‍ക്കെതിരെ നടക്കുന്ന അന്വേഷണം ജില്ലാ പോലീസ് മേധാവി ഏറ്റെടുക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ പി.കെ. ഹനീഫ. ആലുവ പാലസില്‍ നടന്ന സിറ്റിംഗിലാണ് കമ്മീഷന്റെ ഉത്തരവ്.

 

സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ആരെയും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നുണ്ട്. എന്നാല്‍ അന്വേഷണം ഏതു ഘട്ടം വരെയെത്തിയെന്ന് വ്യക്തമല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

 

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ വരാപ്പുഴയില്‍ ഹര്‍ത്താല്‍ ആചരിച്ചത്. തുടര്‍ന്ന് എസ്എന്‍ഡിപി ഭാഗത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ റോഡിലിറക്കി വിടുകയും കാര്‍ യാത്രക്കാരനെ ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.

 

ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസ് ഹാജരാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ അനുകൂലികളായ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നേ ദിവസം തന്നെ വഴിയാത്രക്കാരായ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ വിമണ്‍ ഇന്ത്യാ മൂവ് മെന്റ് നോര്‍ത്ത് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഖദീജ സലാം നല്‍കിയ പരാതിയും വരാപ്പുഴ സ്റ്റേഷനിലുണ്ട്. ഈ കേസുകളുടെ അന്വേഷണ പുരോഗതിയാണ് കമ്മീഷന്‍ പരിശോധിച്ചത്. ജില്ലാ പോലീസ് മേധാവി കേസ് ഏറ്റെടുത്ത് അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

 

ന്യൂനപക്ഷ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മട്ടാഞ്ചേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സെന്‍ട്രലൈസ് കൊച്ചി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ പരാതിയില്‍ മേലാണ് കമ്മീഷന്റെ ഉത്തരവ്. നിലവില്‍ ആലുവയിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള സൗജന്യ സര്‍ക്കാര്‍ പരിശീലന കേന്ദ്രമുള്ളത്. ഇത് മട്ടാഞ്ചേരിയിലുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. ക്രിസ്ത്യന്‍ മുസ്ലിം ജൈന വിഭാഗങ്ങള്‍ ഉള്‍പ്പടെ 2,743 09 യുവാക്കളാണ് മട്ടാഞ്ചേരിയിലുള്ളത്. ഇത് മുഴുവന്‍ ജനസംഖ്യയുടെ 67 ശതമാനം വരും- പരാതിയില്‍ പറയുന്നു.

 

ഉദയം പേരൂരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ബോട്ടിലിംഗ് പ്ലാന്റിന്റെ വാഹന പാര്‍ക്കിംഗ് ബുദ്ധിമുണ്ട് സൃഷ്ടിക്കുന്നുവെന്ന പരിസര വാസി ജോണ്‍ വര്‍ഗീസിന്റെ പരാതിയില്‍ പാര്‍ക്കിംഗ് നിരോധിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സിറ്റിംഗില്‍ 25 കേസുകള്‍ പരിഗണിച്ചു. എട്ടു കേസുകള്‍ ഉത്തരവിനായി മാറ്റിവച്ചു. അടുത്ത സിറ്റിംഗ് ജൂലൈ 25 നു നടക്കും.

date