Skip to main content

ജനപ്രിയമേറി പ്രാഥമികവിള ആരോഗ്യ കേന്ദ്രം; ചെടികളുടെ ചികിത്സ തേടിയെത്തിയത് നിരവധി കര്‍ഷകര്‍

 

 

കൊച്ചി: ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തില്‍ തിരക്കേറുന്നു. എല്ലാ ബുധനാഴ്ചകളിലും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നിരവധി പേരാണ് കൃഷി വിളകളുടെയും വീട്ടില്‍ വളര്‍ത്തുന്ന മറ്റു ചെടികളുടെയും രോഗശമനത്തിന് മരുന്നു തേടി എത്തുന്നത്. തിരക്കു കൂടുന്നതനുസരിച്ച് മറ്റു ദിവസങ്ങളിലും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് കൃഷി ഭവന്റെ തീരുമാനം.

 

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ വിളകള്‍ക്കായി ആരോഗ്യ കേന്ദ്രം ചൂര്‍ണിക്കര പഞ്ചായത്തില്‍ മാത്രമാണ്. മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ പോലെ തന്നെ ഇവിടെയും മരുന്നു ലഭിക്കണമെങ്കില്‍ പേരും അഡ്രസും പറഞ്ഞ് ഒ പി ചീട്ട് എടുക്കണം. കൊടുക്കുന്ന മരുന്നുകളുടെ ലിസ്റ്റ് ചാര്‍ട്ടില്‍ സൂക്ഷിക്കും. പിന്നീട് ഉപയോഗിക്കുന്നതിനു വേണ്ടിയാണിത്. ഓരോ തവണ വരുമ്പോഴും ചീട്ട് കൊണ്ടുവരണം. കൊടുക്കുന്നതെല്ലാം ജൈവ കുമിള്‍ നാശിനികളാണ്. മരുന്ന് കുപ്പിയുടെ പുറത്ത് ഉപയോഗിക്കേണ്ട സമയും രീതിയും കൃത്യമായി എഴുതിയിട്ടുണ്ടാകും. ഇവിടെയില്ലാത്ത മരുന്നുകളാണെങ്കില്‍ പുറത്തു നിന്നും വാങ്ങുന്നതിനായി എഴുതി നല്‍കും.

 

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വന്‍വിജയമായി മുന്നേറുകയാണെന്ന് കൃഷി ഓഫീസര്‍ ജോണ്‍ ഷെറി പറയുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ വിളകള്‍ക്കുള്ള വളപ്രയോഗത്തിന്റെയും കീടനാശിനി പ്രയോഗത്തിന്റെയും കാര്യത്തില്‍ അജ്ഞരാണ്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇവ രണ്ടും മണ്ണിലേക്ക് പ്രയോഗിക്കുന്നത്. കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവം അനുസരിച്ചു വേണം വളം ചേര്‍ക്കാന്‍. ഇതെല്ലാം ഇവര്‍ക്കു പറഞ്ഞു നല്‍കാനും കൂടെ നില്‍ക്കാനുമാണ് വിള ആരോഗ്യ കേന്ദ്രം ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ പറയുന്ന രോഗലക്ഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസിലാക്കുകയും മരുന്നു നല്‍കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. കുടുതല്‍ ഗുരുതര രോഗമാണെങ്കില്‍ നേരിട്ടെത്തി ചികിത്സ നല്‍കുകയും ചെയ്യുമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കൂടിയായ കൃഷി ഓഫീസര്‍ പറയുന്നു.

 

തെങ്ങുകളെ ബാധിക്കുന്ന കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നീ കീടങ്ങളുടെ ആക്രമണത്തിനെതിരെയും മണ്ട ചീയല്‍ കാറ്റു വീഴ്ച എന്നീ രോഗങ്ങള്‍ക്കും പ്രതിരോധ മാര്‍ഗങ്ങളും മരുന്നും ഇവിടെ നല്‍കും. നെല്‍ച്ചെടിയെ ആക്രമിക്കുന്ന കീടങ്ങളായ ഓലച്ചു തട്ടിപ്പുഴു, തണ്ടു തുരപ്പന്‍ പുഴു, കുഴല്‍ പുഴു, മണ്ണിലെ ഇരുമ്പിന്റെ ആധിക്യം കൂടുമ്പോഴുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയ്ക്കും ഫലപ്രദമായ ചികിത്സ ഇവിടെ ലഭിക്കും. മറ്റു പച്ചക്കറി ചെടികളെ ബാധിക്കുന്ന ഇലപ്പുള്ളി, വെളളീച്ച, മുഞ്ഞ എന്നീ രോഗങ്ങള്‍ക്കും ചികിത്സയുണ്ട്.

 

കൃഷിഭവന്റ മുകള്‍ നിലയിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മരുന്നുകളുടെ വില വളരെ തുച്ഛമാണ്. നാല്‍പതിനായിരം രൂപയാണ് ഇതിനായുള്ള ആകെ ചെലവ്. കാര്‍ഷിക ഗ്രാമ പഞ്ചായത്തല്ലാതിരുന്നിട്ടും ഇരുപതിലധികം പേര്‍ ഒരു ദിവസം മരുന്നു തേടി എത്തുന്നു. നിലവില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ ഉള്ളവര്‍ക്കു മാത്രമാണ് സേവനം ലഭ്യമാക്കുന്നത്. കൂടുതല്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി എത്തിയാല്‍ അമിത കീടനാശിനി പോലുള്ള പരിസര മലിനീകരണ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന് ജോണ്‍ ഷെറി പറയുന്നു. 

 

കൃഷി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പരീക്ഷിച്ച് വിജയിച്ച ചരിത്രമുണ്ട് ചൂര്‍ണിക്കര പഞ്ചായത്തിന്. ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ പ്രാഥമിക വിള ആരോഗ്യ കേന്ദ്രവും വന്‍ വിജയമായി മുന്നേറുകയാണ്. 

date