Skip to main content

എറണാകുളം അറിയിപ്പുകള്‍2

സംസ്ഥാനതല രസതന്ത്ര റിഫ്രഷര്‍ കോഴ്‌സ് 

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്ര ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പ്, സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി രസതന്ത്ര അദ്ധ്യാപകര്‍ക്കുമായി ജൂണ്‍ 28, 29 തീയതികളില്‍ റിഫ്രഷര്‍ കോഴ്‌സ് നടത്തും. പ്രഗത്ഭരായ അദ്ധ്യാപകര്‍ നയിക്കുന്ന ദ്വിദിന റിഫ്രഷര്‍ കോഴ്‌സില്‍ രസതന്ത്ര അദ്ധ്യാപകരുടെ സംശയ നിവാരണം  നിര്‍വ്വഹിക്കുന്നതിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ അത്യാധുനിക പ്രൊജക്ടുകളും പരിചയപ്പെടുത്തും. താത്പര്യമുളളവര്‍ 9895310103, 9995504949 നമ്പരുകളില്‍ വിളിക്കുക.

 

പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: 2018 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡു ലഭിച്ചു വിജയിച്ചവരും 2018 ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവരും 2019 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പായി ഒരു വര്‍ഷത്തെ കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യവുമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശന പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. 

2018 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന പരിശീലനത്തില്‍ പങ്കെടുത്തതും 25 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍പരിശീലനത്തിന് പരിഗണിക്കും. രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവരെ വീണ്ടും പരിഗണിക്കുന്നതല്ല.

പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട താത്പര്യമുളള വിദ്യാര്‍ഥികള്‍ പേര്, മേല്‍ വിലാസം (പിന്‍കോഡ് സഹിതം) ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം, ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2018 പ്രവേശന പരീക്ഷയുടെയും സ്‌കോര്‍ഷീറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പു സഹിതമുള്ള അപേക്ഷ ജൂണ്‍ 26-ന് വൈകിട്ട് അഞ്ചിനുമുന്‍പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടിക വര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

കരാര്‍ നിയമനം

 

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒരു ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്കിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും, ഒ.ആര്‍.സി ക്കു സമാനമായ പരിപാടികളില്‍ മൂന്ന് വര്‍ഷത്തെ നേതൃത്വപരമായ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഹോണറേറിയം 21,000 രൂപ. തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നത്. 

താത്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 31-നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈന്‍ നമ്പര്‍-1, എസ്.പി ക്യാമ്പ് ഓഫീസിനു സമീപം, തോട്ടയ്ക്കാട്ടുകര, ആലുവ 683108 വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകന് ജനുവരി  ഒന്നിന് 36 വയസ് കഴിയാന്‍ പാടില്ല. അപൂര്‍ണ്ണവും വൈകി ലഭിക്കുന്നതും നിശ്ചിത മാതൃകയില്‍ അല്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2609177.

 

വായനാമത്സരം

 

കൊച്ചി:  വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്ത് സാക്ഷരതാമിഷന്‍ വായനാമത്സരം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.ലൂയിസിന്റെ അദ്ധ്യക്ഷതയില്‍ വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എ.എന്‍.ഉണ്ണികൃഷ്ണന്‍ സ്വാഗതമാശംസിച്ചു. ബ്‌ളോക്ക് മെമ്പര്‍മാരായ മനാഫ് മനേഴത്ത്, മിനി പുരുഷോത്തമന്‍, ഡെയ്‌സി തോമസ്, സുബോധ ഷാജി, നോഡല്‍ പ്രേരക് എന്‍.വി.അനില്‍ എന്നിവര്‍ സംസാരിച്ചു. വായനാ മത്സരത്തില്‍ കുഴുപ്പിളളി ഗ്രാമപഞ്ചായത്തിലെ ബീന ഷാജു ഒന്നാം സ്ഥാനം നേടി. പഞ്ചായത്തുകളിലെ പ്രേരക്മാര്‍, അക്ഷരസാഗരം ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date