Skip to main content

കുന്നുകരയിലെ ഭവനരഹിതര്‍ക്ക്  അടുത്ത വര്‍ഷത്തോടെ വീട്

 

 

കാക്കനാട്: കുന്നുകരയിലെ പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും അടുത്ത വര്‍ഷത്തോടെ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രൊഫ. കെ.വി.തോമസ് എം.പി. അറിയിച്ചു.  ആദര്‍ശഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി കുന്നുകര ഗ്രാമപഞ്ചായത്തില്‍  നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സര്‍വ്വേ പ്രകാരം 200 കുടുംബങ്ങള്‍ക്കാണ് സ്വന്തമായി വീടില്ലാത്തത്.  ഈ വര്‍ഷം 75 വീടുകള്‍ നിര്‍മ്മിക്കാന്‍ ധാരണയായി.  ഇതില്‍ 39 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി.  ശേഷിക്കുന്ന 125 വീടുകള്‍ അടുത്തവര്‍ഷം വിവിധ പദ്ധതികളിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കുമെന്നും കെ.വി.തോമസ് എം.പി. പറഞ്ഞു.  കുന്നുകര പഞ്ചായത്തിന്റെ 62 ഗ്രാമവികസന പദ്ധതികള്‍ക്ക്  യോഗത്തില്‍ അംഗീകാരം ലഭിച്ചു.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും റുര്‍ബന്‍ മിഷന്റെയും എം.പി, എം.എല്‍.എ. ഫണ്ടുകളും സി.എസ്.ആര്‍. ഫണ്ടും വിനിയോഗിച്ചാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുക.

മൂന്നാമത് ആദര്‍ശഗ്രാമമായി എം.പി. തെരഞ്ഞെടുത്ത ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ യോഗം ജൂണ്‍ 26ന് വൈകീട്ട് 3.30ന് പഞ്ചായത്തില്‍ ചേരും.  കോട്ടുവള്ളിയായിരുന്നു ആദ്യത്തെ ആദര്‍ശഗ്രാമം.  എ.ഡി.എം. എം.കെ.കബീര്‍, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ഡി.ആര്‍.ഡി.എ. പ്രോജക്ട് ഓഫീസര്‍ കെ.ജി.തിലകന്‍, അസി.ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്.ശ്യാമലക്ഷ്മി, ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date