Skip to main content

ജില്ലാതല ബാങ്കിങ് അവലോകന സമിതിയോഗം ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 7.7 ശതമാനം വര്‍ദ്ധനവ്

 

 

കാക്കനാട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 7.7 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് കലക്ടറേറ്റില്‍ നടന്ന ജില്ലാ ബാങ്കിങ് അവലോകനസമിതി യോഗം. വായ്പയിനത്തില്‍ 8.3 ശതമാനവും വര്‍ദ്ധനവുണ്ട്.    ആകെയുള്ള 1094 ശാഖകളിലായി 95,464.61 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.  ഇതില്‍ എന്‍.ആര്‍.ഐ. നിക്ഷേപം 26,244.91 കോടി രൂപയാണ്.  വായ്പയിനത്തില്‍ 73,942.88 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്.  ആറ് ശതമാനം വര്‍ധനവാണ് വായ്പാവിതരണത്തില്‍ കൈവരിച്ചത്.  മുന്‍ഗണനാവിഭാഗത്തില്‍ ലക്ഷ്യമിട്ടതിന്റെ  163 ശതമാനം കൈവരിക്കാനും സാധിച്ചു.  

വിദ്യാഭ്യാസ വായ്പ, കാര്‍ഷികവായ്പ എന്നിവ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതില്‍ ബാങ്കുകള്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രൊഫ.കെ.വി.തോമസ് എം.പി. അഭിപ്രായപ്പെട്ടു.  സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് വിദ്യാഭ്യാസ വായ്പകള്‍ നിഷേധിക്കരുത്.  കാര്‍ഷികവായ്പകള്‍ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ മൃദുസമീപനം കൈക്കൊള്ളണമെന്നും  അദ്ദേഹം പറഞ്ഞു.  എന്നാല്‍ തിരിച്ചടവിന്റെ കാര്യത്തില്‍ വന്‍കിട കോര്‍പ്പറേറ്റ് വായ്പകളേക്കാള്‍ കൂടുതല്‍ തിരിച്ചടവു ലഭിക്കുന്നത് കാര്‍ഷിക വായ്പകളില്‍നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.  

ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷത വഹിച്ചു.  യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും മേഖലാ തലവനുമായ എ.കൃഷ്ണസ്വാമി മുഖ്യപ്രഭാഷണം നടത്തി.  ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സി.സതീഷ്, റിസര്‍വ്വ് ബാങ്ക് എല്‍.ഡി.ഒ. ജയരാജ്, നബാര്‍ഡ് ഡി.ഡി.എം. രഘുനാഥന്‍പിള്ള, നബാര്‍ഡ്, റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date