Skip to main content

പുത്തന്‍വേലിക്കര, സ്റ്റേഷന്‍കടവ്- വലിയപഴംപളളിത്തുരുത്ത് പാലം  ഇന്ന് (ജൂണ്‍ 24) ഉദ്ഘാടനം ചെയ്യും 

 

കൊച്ചി: പുത്തന്‍വേലിക്കര, സ്റ്റേഷന്‍കടവ് - വലിയപഴംപളളിത്തുരുത്ത് പാലത്തിന്റെ  ഉദ്ഘാടനം ഇന്ന് (ജൂണ്‍ 24) രാവിലെ 9.30 ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. വി.ഡി.സതീശന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍  പ്രൊഫ:കെ.വി.തോമസ് എം.പി, എസ്.ശര്‍മ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള, മുന്‍ എംപി പി രാജീവ്, മുന്‍ എംഎല്‍എ പി രാജു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.ജി.അനൂപ്, ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ്സ്. ഷൈല, ജില്ലാ പഞ്ചായത്ത് അംഗം ഹിമാ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സന്തോഷ്, തദ്ദേശസ്വയംഭരണസ്താപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയില്‍ എന്‍.എച്ച് 66 ലെ പറവൂരിനെ എന്‍.എച്ച് 544ലെ അത്താണിയുമായി ബന്ധിപ്പിക്കുന്നതാണ് പാലം.  2010 ല്‍ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തികൊണ്ട് ഏറ്റെടുത്തതാണ് നിര്‍മ്മാണ പദ്ധതി. 2012 ല്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് നിര്‍മ്മാണം തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് സെഗുരോ ഇല്‍ കല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിക്ക് 23 കോടി രൂപയ്ക്ക് കരാര്‍ നല്കി.  2016 ഫെബ്രുവരിയില്‍ പുനരാരംഭിച്ച നിര്‍മ്മാണം രണ്ട് വര്‍ഷവും മൂന്ന് മാസവും കൊണ്ട് പൂര്‍ത്തിയാക്കി.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പൂര്‍ത്തീകരിച്ച 46-ാമത് പദ്ധതിയാണ് സ്റ്റേഷന്‍കടവ് പാലം. അപ്രോച്ച് റോഡ് അടക്കം 440 മീറ്റര്‍ നീളമുള്ള പാലത്തിന്റെ സ്ഥലമേറ്റെടുക്കല്‍ ചെലവ് ഉള്‍പ്പെടെ പദ്ധതിചെലവ് 25 കോടി രൂപയാണ്. പുതിയകാലം പുതിയ നിര്‍മ്മാണം എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യം ഉള്‍കൊണ്ട് ഗുണനിലവാരം ഉറപ്പ്‌വരുത്തിയും കാല്‍നടക്കാരുടെ സൗകര്യാര്‍ത്ഥം ടൈല്‍ വിരിച്ച് മനോഹരമാക്കിയ നടപ്പാതകളോടും കൂടിയാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുളളത്.

date