Skip to main content

ലൈഫ് മിഷന്‍ സംസ്ഥാന ചരിത്രത്തിലെ പുതിയ വഴിത്തിരിവ് : മന്ത്രി കെ.ടി.ജലീല്‍

സംസ്ഥാന ചരിത്രത്തിലെ പുതിയ വഴിത്തിരിവാണ് ലൈഫ് മിഷന്‍ ഭവന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. അര്‍ഹരായ ഒരാളേയും ഒഴിവാക്കാതെയും  അനര്‍ഹരായവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെയും പദ്ധതി പൂര്‍ത്തീകരിക്കും. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി വഴി തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ സംവിധാനം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഭവന രഹിതരായവരുടെ കണക്കുകള്‍ ശേഖരിച്ചത്. പല കാരണങ്ങളാലും വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുടെ പ്രശ്‌നമാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പരിഹരിച്ചത്. ഭവന നിര്‍മ്മാണം  പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത 67000 ത്തോളം വീടുകളാണ് ഉണ്ടായിരുന്നത്. ലൈഫ് മിഷന്‍ വഴി ഇവയില്‍ 80 ശതമാനം വീടുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കി. ബാക്കി 20 ശതമാനം രണ്ട്  മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ വഴി രണ്ടര ലക്ഷത്തോളം വീടുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കും. നാല് ലക്ഷം രൂപ വീതമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നും മന്ത്രി പറഞ്ഞു.

    തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗീത ഗോപി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് ഹൗസിംഗ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.ആര്‍.ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 31806325 കോടി രൂപ ചെലവില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ 158 വീടുകളും  പി.എം.എ.വൈ പദ്ധതി വഴി 100 വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ.തോമസ് മാസ്റ്റര്‍, സന്ധ്യ രാമകൃഷ്ണന്‍, ഷിജിത് വടുക്കുഞ്ചേരി, ഉദയ് തോട്ടപ്പിള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റ്  ഇ .പി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സുഭാഷിണി മഹാദേവന്‍ സ്വാഗതവും  സെക്രട്ടറി ( ഇന്‍ ചാര്‍ജ്ജ്) അമ്മുക്കുട്ടി പി.സ്‌കറിയ നന്ദിയും പറഞ്ഞു.

date