Skip to main content
 അടിക്കുറിപ്പ് 1)	അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി പത്തനംതിട്ടയില്‍ വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ലഹരിവിരുദ്ധ സമൂഹം യുവതലമുറയുടെ ലക്ഷ്യമാകണം -  വീണാ ജോര്‍ജ് എംഎല്‍എ

ലഹരിവിരുദ്ധ സമൂഹമാകണം യുവതലമുറയുടെ ലക്ഷ്യമെന്ന് വീണാജോര്‍ജ് എംഎല്‍എ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. ലഹരിയുടെ അടിമകളാകാതെ പുസ്തകങ്ങളും വായനയും ആയിരിക്കണം വിദ്യാര്‍ത്ഥികളെ നയിക്കേണ്ടത് എന്നും എംഎല്‍എ പറഞ്ഞു. പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലിയും വിമുക്തി ലഹരിവിരുദ്ധ സന്ദേശവുമായുള്ള കെഎസ്ആര്‍ടിസി ബസ് യാത്രയും എംഎല്‍എ ഓഫ് ചെയ്തു.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ ജെ.ചന്തു ലഹരിവിരുദ്ധ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. മദ്യവര്‍ജ്ജന സമിതി ട്രഷറര്‍ വേണുക്കുട്ടന്‍ ലഹരിയില്‍ നിന്നും വിമുക്തി നേടിയതിന്‍റെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആര്‍ മഹേഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍കുമാര്‍, ഷാബു തോമസ്, എസ്. അജി, കെ. മോഹനന്‍, രാജന്‍ പടിയറ തുടങ്ങിയവര്‍ സംസാരിച്ചു. 
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള എന്‍സിസി, എന്‍എസ്എസ്, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തു. ലഹരിവിരുദ്ധ ദിനത്തിന്‍റെ ഭാഗമായി എംജിഎം ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും എംജിഎം മുത്തൂറ്റ് നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ സ്കിറ്റും അവതരിപ്പിച്ചു. ലഹരിവിരുദ്ധ റാലി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സമാപിച്ചു.                                              (പിഎന്‍പി 1672/18)

date