Skip to main content

ജില്ലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുല്യതാപഠിതാക്കള്‍ 24 പേര്‍

 

സാക്ഷരതാമിഷന്റെ കീഴിലുള്ള തുല്യതാ പഠനത്തില്‍ അക്ഷരവെളിച്ചം തേടി ജില്ലയിലെ 24 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. തുടര്‍വിദ്യാഭ്യാസം എന്നത് സ്വപ്‌നം മാത്രമായി മാറിയ ഇവര്‍ക്ക് സാക്ഷരതാ മിഷനാണ് വിദ്യയുടെ പുതുവഴി തെളിക്കുന്നത്. ഏഴ്, പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലായി 24 പേരാണ് ജില്ലയില്‍ പ്രവേശനം നേടിയിരിക്കുന്നത്. ഏഴാം ക്ലാസില്‍ അഞ്ച് പേരും, പത്താം ക്ലാസില്‍ നാലും, പ്ലസ് വണ്ണിന് 15 പേരുമാണ് ഈ അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയത്. സര്‍ക്കാരിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ തുടര്‍വിദ്യാഭ്യാസം. 

ഞായറാഴ്ചകളില്‍ നടക്കുന്ന തുല്യതാക്ലാസുകളില്‍ മറ്റ് പഠിതാക്കള്‍ക്കൊപ്പം തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കളും പഠിക്കുന്നത്. പന്തളം കുളനട ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്ലാസുകള്‍ നടക്കുന്നത്. കോളേജ്, പ്ലസ്ടു അദ്ധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പ്ലസ്ടുവിന് വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലും പരീക്ഷ എഴുതുവാന്‍ കഴിയും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജില്ലയില്‍ നടക്കുന്ന കലാ-കായിക മത്സരങ്ങളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പങ്കാളിത്തം സാക്ഷരതാമിഷന്‍ ഉറപ്പ് വരുത്താറുണ്ട്. ഇരുപതിനും അറുപത് വയസിനും ഇടയിലുള്ള പഠിതാക്കളാണ് ജില്ലയിലുള്ളത്. തുടര്‍ വിദ്യാഭ്യാസ പഠിതാക്കള്‍ക്കായി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ്, പത്ത് ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപയും, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് 1200 രൂപയും ഓരോ മാസവും സ്‌റ്റൈപെന്‍ഡായി നല്‍കുന്നുണ്ട്. 

ജില്ലയില്‍ നാലാം ക്ലാസ് പഠനം ആരംഭിക്കാനുന്നതിനുള്ള നടപടികളിലാണ് ഇപ്പോള്‍ സാക്ഷരതാമിഷന്‍. ജില്ലയിലെ ടാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള തൊഴില്‍പരിശീലനവും സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 മണിക്കൂര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹൈല്‍പ് ലൈന്‍ തുടങ്ങി സൗഹാര്‍ദപരമായ നിരവധി പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പിന്റെ കൂടി സഹകരണത്തോടെ ആവിഷ്‌കരിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ ഭാഗമായി പഠിതാക്കള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് -ഷെല്‍ട്ടര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11\്് തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി റസ്റ്റ് ഹൗസില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം \ിര്‍വഹിക്കും.         (പിഎന്‍പി 1688/18)

date