Skip to main content

''ഓടാം ചാടാം ഒളിമ്പിക്‌സിലേക്ക്'' പദ്ധതിയുമായി ഏഴംകുളം പഞ്ചായത്ത് 

 

ഭാവിയില്‍ ഒരു ഒളിമ്പിക്‌സ് മെഡല്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏഴംകുളം പഞ്ചായത്തിന്റെ ''ഓടാം ചാടാം ഒളിമ്പിക്‌സിലേക്ക്'' പദ്ധതി. അഞ്ച് വയസിനും മുപ്പത് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കായികപരിശീലനം നല്‍കുന്ന പരിപാടിയാണ് ഓടാം ചാടാം ഒളിമ്പിക്‌സിലേക്ക്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വേറിട്ടൊരു പദ്ധതി പഞ്ചായത്ത് തലത്തില്‍ ആവിഷ്‌ക്കരിക്കുന്നത്.  2017 ലാണ് പഞ്ചായത്തില്‍ ഈ പദ്ധതി ആരംഭിച്ചത്. മികച്ച രീതിയിലുള്ള പരിശീലനം ഉറപ്പായതോടെ പദ്ധതി വിജയം കാണുകയായിരുന്നു. സ്‌പോര്‍ടസ്് കൗണ്‍സിലിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനപരിപാടി ഈ വര്‍ഷവും തുടരുന്നു. നൂറ് ദിവസമാണ് പരിശീലനകാലാവധി. കഴിഞ്ഞ വര്‍ഷം 250 ഓളം പേരാണ് കായികപരിശീലനത്തില്‍ അംഗത്വം നേടിയത്.എല്ലാ അവധി ദിവസങ്ങളിലും ഏഴ് മണിക്ക് തുടങ്ങുന്ന പരിശീലനം പത്ത് മണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.  പരിശീലനത്തിന് ആവശ്യമായ തുക പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും വകയിരുത്തുകയാണ്. കൂടാതെ ജങ്ക് ഫുഡുകളെ പരമാവധി ഒഴിവാക്കി പരിശീലനത്തിനെത്തുന്ന കായികതാരങ്ങള്‍ക്ക് ആവിയില്‍ വേവിച്ചെടുത്ത ആഹാരവും വിതരണം ചെയ്യുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 

പ്രധാനപ്പെട്ട അത്‌ലറ്റിക്‌സ് ഇനങ്ങളായ വൂഷു, ഹോക്കി, ഫുട്‌ബോള്‍, വോളിബോള്‍, തുടങ്ങിയ കായികഇനങ്ങളാണ് പരിശീലനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ നീന്തല്‍ ഫെന്‍സിംഗ്, ആര്‍ച്ചറി തുടങ്ങിയ കായിക ഇനങ്ങള്‍ക്കൂടി ഈ വര്‍ഷം ഉള്‍പ്പെടുത്തും. ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വച്ചാണ് പരിശീലനം നല്‍കുന്നത്. പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കാതെ ഇനി വരുന്ന പഞ്ചായത്ത് ഭരണസമിതിയിലും ഈ പദ്ധതി തുടര്‍ന്ന് കൊണ്ട് പോകാനാണ് ശ്രമം.  കുട്ടികള്‍ക്ക് വേണ്ടി ചിലവാക്കാനുദ്ദേശിക്കുന്ന തുക പത്ത് ലക്ഷവും യുവജനങ്ങള്‍ക്ക് വേണ്ടി രണ്ട് ലക്ഷവുമാണ് മാറ്റി വച്ചിരിക്കുന്നത്. നാട്ടുകാരുടെ മുഴുവന്‍ സഹകരണവും പദ്ധതി നടത്തിപ്പിലുണ്ട്. അടൂര്‍ അര്‍ബന്‍ ബാങ്കാണ് കായികതാരങ്ങള്‍ക്കുള്ള ജഴ്‌സി വിതരണം നടത്തുന്നത്. സ്വന്തമായി ഒരു ഫുട്‌ബോള്‍ ടീമും ഇതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ പറഞ്ഞു.

ഓടാം ചാടാം ഒളിമ്പിക്‌സിലേക്ക് പദ്ധതിയില്‍ പരിശീലനം ലഭിച്ച വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമം 30ന് ഉച്ചയ്ക്ക് രണ്ടിന് ഏഴംകുളം എംസണ്‍ ഓഡിറ്റോറിയത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കായിക പരിശീലനം ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സി ല്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ നിര്‍വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഏഴംകുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍ കൈമാറും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി വിതരണം ചെയ്യും.  2018-19ലെ സ്‌പോര്‍ട്‌സ് പരിശീലന രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആര്‍.ബി.രാജീവ് കുമാര്‍ നിര്‍വഹിക്കും.                            (പിഎന്‍പി 1691/18)

date