Skip to main content

സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ ചേരാനല്ലൂര്‍ പഞ്ചായത്തും

കൊച്ചി:   കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ ചേരാനല്ലൂര്‍ പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി. പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ നിര്‍ദ്ദേശപ്രകാരമാണ് ചേരാനല്ലൂരിനെ ഉള്‍പ്പെടുത്തിയത്.

2019 ല്‍ ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പഞ്ചായത്തുകളെ മാതൃകാ ഗ്രാമങ്ങളായി വികസിപ്പിക്കുകയാണ് സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ കോട്ടുവള്ളി, കുന്നുകര പഞ്ചായത്തുകളാണ് മുമ്പ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രാഥമിക യോഗം പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ചേര്‍ന്നു. തദ്ദേശ സ്വയംഭരണ തല ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഭവങ്ങളുടെയും സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെയും സംയോജനത്തിലൂടെ പഞ്ചായത്തില്‍ പരമാവധി വികസനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.പി.പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി മോണിറ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംവിധാനം തന്നെയുണ്ട്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി ഫണ്ട് ലഭ്യമാക്കുന്നതിനും അവസരമുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ മുഴുവന്‍ സാധ്യതകളും പഞ്ചായത്തില്‍ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായുള്ള ബേസ്‌ലൈന്‍ സര്‍വ്വേ ജൂലൈ 15-നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന് എം.പി. നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഗ്രാമ വികസന പദ്ധതിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ പരമാവധി ഫണ്ടിന്റെ ലഭ്യത ഉള്‍പ്പെടുത്തുന്നതിനും ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തിരമായി കൂടുന്നതിനും അദ്ദേഹം നിര്‍ദേശം നല്‍കി. 

യോഗത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, കുന്നുകര പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, എ.ഡി.സി.(ജനറല്‍) ശ്യാമലക്ഷ്മി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date