Skip to main content

നിപ പ്രതിരോധം : മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

    മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറിലുള്ള ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥീകരിച്ച ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ.
    ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്തെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും പങ്കെടുത്തു. അമേരിക്കയിലെ ഫൊക്കാന, ഫോമ തുടങ്ങിയ മലയാളി സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
    പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്ന് സ്വീകരണയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
    പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യം നല്‍കുന്നു. വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മുന്നേറണമെങ്കില്‍ ആരോഗ്യമുളള ജനത ആവശ്യമാണ്.  ആയുര്‍വേദത്തിന്റെ നാടായ കേരളത്തില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പച്ചമരുന്നുകളിലെ രോഗം സുഖപ്പെടുത്തുന്ന രാസഘടകങ്ങള്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്. അതു സാധിച്ചാല്‍ ശാസ്ത്രീയമായി വലിയ തോതില്‍ മരുന്നുകള്‍ ഉല്പാദിപ്പിക്കാനും ലഭ്യമാക്കാനും സാധിക്കും. നിര്‍ദിഷ്ട ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് ഈ ദിശയില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയും.
     ആരോഗ്യരംഗത്തെ സൂചികകളില്‍ കേരളം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. ഇന്ത്യയില്‍ ഏറ്റവും മുന്നിലും.
    മുഴുവന്‍ നവജാതശിശുക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കുന്ന പരിപാടി ഏതാനും ദശാബ്ദം മുമ്പ് കേരളം നടപ്പാക്കിയിരുന്നു. അതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീകൃതമായ പോഷകാഹാരവും ലഭ്യമാക്കി. ഇതിന്റെ പ്രയോജനം സമൂഹത്തില്‍ പ്രകടമാണ്.
    ആയുര്‍ദൈര്‍ഘ്യവും മാറിയ ഭക്ഷണ രീതികളും കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 'ആര്‍ദ്രം' മിഷനിലൂടെ ഈ വെല്ലുവിളികള്‍ നേരിടാന്‍ കേരളം തയ്യാറെടുക്കുകയാണ്.
    രണ്ടാമത്തെ രോഗിയില്‍ നിന്ന് തന്നെ നിപ വൈറസ് സ്ഥിരീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ആദ്യം രോഗം ബാധിച്ച് മരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തി നിരീക്ഷണവലയത്തിലാക്കി. രോഗലക്ഷണങ്ങള്‍ കണ്ട മുഴുവന്‍ പേരെയും പ്രത്യേകം നിരീക്ഷിച്ചു. നിപ സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ജാഗ്രതയിലായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കി പ്രവര്‍ത്തിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയമുള്ള രണ്ടായിരത്തിലധികം പേരെ നിരീക്ഷിച്ചു. ജാഗ്രതയോടെയും കൂട്ടായുമുളള പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ സ്വീകരണം. 1996-ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദ്യമാണ് ആദരിക്കുന്നത്.
പി.എന്‍.എക്‌സ്.2834/18

 

date