Skip to main content

വളച്ചൊടിക്കപ്പെട്ട ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരം -ഗവര്‍ണര്‍ പി. സദാശിവം

* ചരിത്രകാരന്‍മാരെ ആദരിച്ചു
    തലമുറകളെ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പണ്ഡിത ആദരം 2018' പരിപാടിയില്‍ ചരിത്രകാരന്‍മാരായ പ്രൊഫ: ടി.കെ. രവീന്ദ്രന്‍, പ്രൊഫ. എം.ജി.എസ്. നാരായണന്‍, പ്രൊഫ. കെ.എന്‍. പണിക്കര്‍ എന്നിവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    പല വിദ്യാര്‍ഥികളും സ്‌കൂള്‍തലത്തിലുള്ള ചരിത്രപഠനത്തിനുശേഷം ബാക്കിയുള്ള കാലം അധികാരതാത്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം വളച്ചൊടിക്കുന്നവരുടെ വ്യാഖ്യാനങ്ങള്‍ മനസിലാക്കി ജീവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ, അധ്യാപകര്‍ക്ക് ചരിത്രപഠനത്തിനുള്ള ശരിയായ ദിശാബോധം നല്‍കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. 
    ചരിത്രം ഭൂതകാലത്തിനുനേരെ പിടിച്ച കണ്ണാടിയാണ്. ഓരോ ചരിത്രസംഭവങ്ങള്‍ക്കും നിരവധി സത്യങ്ങള്‍ പറയാനുണ്ടാകും. അതുകൊണ്ടുതന്നെ കോളേജുതലത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനതലത്തില്‍ പഠിച്ച പല മിത്തുകളും തിരുത്തി മനസിലാക്കേണ്ടിവരും. ഗാന്ധിയന്‍ ചിന്തകള്‍ സൂചിപ്പിക്കുംപോലെ ചരിത്രവും മനുഷ്യാവകാശങ്ങളും സത്യാന്വേഷണമായിരിക്കണം. ഇന്നത്തെക്കാലത്ത് ഒളിഞ്ഞുകിടക്കുന്ന ചരിത്രസത്യങ്ങള്‍ പുറത്തെത്തിക്കാന്‍ സാങ്കേതികവിദ്യ വളരെയധികം സഹായിക്കുന്നുണ്ട്.
    ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇത്തരത്തില്‍ ഡിജിറ്റെസേഷന്‍ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്. 'ഹെറിറ്റേജ് അറ്റ്‌ലസ്' തയാറാക്കാനുള്ള കൗണ്‍സിലിന്റെ നടപടികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഇക്കാര്യത്തില്‍ അക്കാദമിക സഹകരണം നല്‍കാന്‍ എല്ലാ സര്‍വകലാശാലകളോടും ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ അഭ്യര്‍ഥിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആദരിക്കപ്പെടുന്ന മൂന്ന് പണ്ഡിതരും അസാമാന്യമികവിന് ആദരം അര്‍ഹിക്കുന്നവരാണ്. ദേശീയ, അന്തര്‍ദേശീയതലത്തില്‍ ഇവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫ: എം.ജി.എസ് നാരായണന്‍, പ്രൊഫ: കെ.എന്‍. പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ഉപഹാരം നല്‍കി ആദരിച്ചു. പ്രൊഫ: ടി.കെ. രവീന്ദ്രനുവേണ്ടി മകന്‍ രാജീവ് ആദരവ് ഏറ്റുവാങ്ങി.
    ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചരിത്രഗവേഷണത്തിന്റെ നവോത്ഥാനത്തിന് അവസരമൊരുക്കിയ പണ്ഡിതരാണ് ആദരിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.  പ്രൊഫ: സുരേഷ് ജ്ഞാനേശ്വരന്‍, പ്രൊഫ: കേശവന്‍ വെളുത്താട്ട്, പ്രൊഫ: കെ.എന്‍. ഗണേശ് എന്നിവര്‍ ആദരപത്രം വായിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.കെ. മൈക്കിള്‍ തരകന്‍, ഡയറക്ടര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി മൂന്ന് ചരിത്രകാരന്‍മാരുടെ അക്കാദമിക് സംഭാവനകളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
പി.എന്‍.എക്‌സ്.2930/18
 

date