Skip to main content

ഗൃഹചൈതന്യം പദ്ധതി: ശില്‍പ്പശാല നടത്തി

ജില്ലയിലെ എല്ലാ വീടുകളിലും ഔഷധസസ്യ കൃഷി ആരംഭിക്കുന്നതിനുള്ള ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായുള്ള ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 38 ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടമായി ഔഷധസസ്യ ഗ്രാമം ഒരുക്കുക. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് ഗൃഹചൈതന്യം എന്നപേരില്‍ എല്ലാ വീട്ടിലും ഒരു വേപ്പും, കറിവേപ്പും നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് അംഗം പ്രഫ. ഇ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല, ദാരിദ്ര്യ ലഘൂകരണ വിഭാഗം ്രെപാജക്ട് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ വിജയന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഷാനവാസ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം കെ വി ഗോവിന്ദന്‍, തൊഴിലുറപ്പ് പദ്ധതി അസി. എഞ്ചിനീയര്‍മാരായ ബിജോയ്, ദില്‍ന എന്നിവര്‍ ക്ലാസെടുത്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. പട്ടുവം, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, കടന്നപ്പള്ളി-പാണപ്പുഴ, ഇരിക്കൂര്‍, എരുവേശി, മലപ്പട്ടം, പയ്യാവൂര്‍, കുറ്റിയാട്ടൂര്‍, മയ്യില്‍, പടിയൂര്‍, ഉളിക്കല്‍, കളച്ചേരി, കടമ്പൂര്‍, ചെമ്പിലോട്, പെരളശ്ശേരി, മുണ്ടേരി, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ധര്‍മടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, വേങ്ങാട്, കോട്ടയം, തൃപ്പങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കതിരൂര്‍, ചൊക്ലി, മൊകേരി, പന്ന്യന്നൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്.
    പദ്ധതിയുടെ ഭാഗമായി ഗ്രാപഞ്ചായത്തുകളിലെ നഴ്‌സറികളില്‍ കറിവേപ്പിന്റെയും ആര്യവേപ്പിന്റെയും തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് എല്ലാ വീടുകളിലും എത്തിക്കും. പഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുന്നതിന് തുടക്കം കുറിക്കുകയെന്നതാണ് ഗൃഹചൈതന്യം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

date