Skip to main content

തീരദേശ പരിപാലന പദ്ധതി; പരാതികള്‍ സ്വീകരിച്ചു

കേരള തീരദേശ പരിപാലന അതോറിറ്റി തയ്യാറാക്കുന്ന തീരദേശ പരിപാലന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളുടെ ആശങ്കള്‍ പരിഹരിക്കാനും പരാതികള്‍ കേള്‍ക്കുന്നതിനുമായി പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ജില്ലയിലെ 37 പഞ്ചായത്തുകളും അഞ്ചു മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനുമാണ് തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ ഭൂരേഖയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 
2011 ല്‍ പരിഷ്‌കരിച്ച തീരദേശ പരിപാലന നിയമപ്രകാരമുള്ള പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഹിയറിങ്ങ് നടന്നത്. ഭൗമശാസ്ത്ര പഠനംകേന്ദ്രം തയ്യാറാക്കിയ ഭൂപടത്തെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിച്ച് അവ പരിഹരിക്കുകയും ആണ് പബ്ലിക് ഹിയറിങ്ങിന്റെ ലക്ഷ്യം. ഹിയറിങ്ങില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളും പരാതികളും പരിഹരിച്ചതിനു ശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭൂരേഖയുടെ വിജ്ഞാപനം ഇറക്കുകയുള്ളുയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (എന്‍.സി.ഇ.എസ്.എസ്) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. കെ.കെ രാമചന്ദ്രന്‍ പറഞ്ഞു. 
മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ജീവിതമാര്‍ഗം ഉറപ്പാക്കുക, തീരം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നിവയാണ് 2011 ലെ വിജ്ഞാപനത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. കണ്ണൂര്‍ ജില്ലയുടെ തീരദേശ പരിപാലന പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. 
തുടര്‍ന്ന് ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പറഞ്ഞു. പുതുക്കിയ ഭൂരേഖ പുറത്ത് വരുന്നതോടെ വീടു നിര്‍മ്മാണത്തിനുണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചായിരുന്നു പൊതുജനങ്ങളുടെ പ്രധാന ആശങ്ക. ജില്ലയില്‍ ജനവാസമുള്ള നാലുതുരുത്തുകള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന ആവശ്യവും ഉയര്‍ന്നു. 
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അയച്ച് നല്‍കിയിട്ടുള്ള ഭൂരേഖയില്‍ നിലവിലുള്ള റോഡുകളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് തിരുത്തലുകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഹിയറിങ്ങില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, കെ.സി.സെഡ്.എം.എ മെമ്പര്‍ സെക്രട്ടറി പദ്മ മഹന്ത്, കെ.എസ്.സി.ടി.ഇ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഹരിനാരായണന്‍, എന്‍.സി.ഇ.എസ്.എസ് സീനിയര്‍ സയന്റിസ്റ്റ് ഡോ. എം രമേശന്‍, ഡി.ഒ.ഇ.സി.സി എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ പി കലൈ അരശന്‍, കണ്ണൂര്‍ എ.ഡി.എം മുഹമ്മദ് യൂസഫ് എന്നിവര്‍ പങ്കെടുത്തു.

date