Skip to main content

ലോക പാമ്പുദിനം; പാമ്പ് പേടി മാറ്റാന്‍ ശില്‍പശാല സംഘടിപ്പിച്ചു

സംസ്ഥാന വനംവകുപ്പിന്റേയും മാര്‍ക്കിന്റേയും (മലബാര്‍ അവേര്‍നെസ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ്) ആഭിമുഖ്യത്തില്‍ ലോക പാമ്പുദിനം ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ സുനില്‍ പാമിഡി അധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടന്നു.
പാമ്പുകളോടുള്ള പേടി കുറയ്ക്കാനും മുന്‍കരുതലുകളെ കുറിച്ച് അറിയാനും പരിപാടി സഹായകമാകുമെന്ന് കലക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. നാട്ടിലിറങ്ങുന്ന പാമ്പ് ഉള്‍പ്പെടെയുള്ള ജീവികളെ പിടികൂടുന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ കലക്ടര്‍ പുറത്തിറക്കി. ജീവികളെ പിടികൂടുന്ന സ്ഥലം, തുറന്നു വിടുന്ന സ്ഥലം, ജീവിയുടെ ചിത്രം എന്നീ വിവരങ്ങളാണ് ആപ്ലിക്കേഷനിലൂടെ ശേഖരിക്കുക. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പാമ്പ് ഉള്‍പ്പെടെയുള്ള വന്യജീവികളെ പിടികൂടാന്‍ വിദഗ്ധരായവര്‍ക്കും വേണ്ടിയുള്ളതാണ് മൊബൈല്‍ ആപ്പ്. 
കുറുവ പാലത്തിനു സമീപത്ത് നിന്നും ലഭിച്ച അണലിയെ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പത്തുദിവസം മുന്‍പ് നാട്ടുകാരുടെ അടി കൊണ്ട് ഗുരുതരമായ നിലയിലായിരുന്ന അണലിയുടെ ആരോഗ്യം  പരിചരണവും ചികിത്സയും നല്‍കി മാര്‍ക്ക് പ്രവര്‍ത്തകര്‍ വീണ്ടെടുക്കുകയായിരുന്നു. അണലിയെ കാട്ടില്‍ തുറന്ന് വിടാനായി ചടങ്ങില്‍ വെച്ച് വനംവകുപ്പിന് കൈമാറി. 
ജീവജലം- ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ കലക്ടര്‍ നിര്‍വ്വഹിച്ചു. മാര്‍ക്ക് പ്രവര്‍ത്തകരായ റിയാസ് മാങ്ങാട്, റോഷ്‌നാഥ് രമേശ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കലക്ടറേറ്റ് ജീവനക്കാര്‍ക്കായി നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍, ലൂസേഴ്‌സ് ഫൈനല്‍ എന്നിവയുടെ പ്രവചന മത്സരത്തിന്റേയും, ഷൂട്ട്-ഔട്ട് മത്സരത്തിന്റേയും സമ്മാനദാനവും ചടങ്ങില്‍ കലക്ടര്‍ നിര്‍വ്വഹിച്ചു. എ.ഡി.എം ഇ മുഹമ്മദ് യൂസഫ്, സബ്കലക്ടര്‍ ചന്ദ്രശേഖര്‍. എസ്, അസി. കക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

date