Skip to main content

പുതിയ ഭവന വായ്പാ പദ്ധതിയുമായി പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍

    സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്, ഞങ്ങളുടെ വീട് എന്ന പേരില്‍ ഭവന വായ്പാ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഭരണസമിതിയോഗം തീരുമാനിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തെ  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മൂന്നുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളള ഭവന രഹിതര്‍ക്ക് വായ്പ ലഭ്യമാകും.  പരമാവധി വായ്പ തുക 10 ലക്ഷം രൂപയാണ്. 18 മുതല്‍ 55 വയസുവരെ പ്രായമുളളവരെയാണ് പരിഗണിക്കുന്നത്.  പലിശ നിരക്ക് അഞ്ചുലക്ഷം രൂപവരെ 7.5 ശതമാനവും അതിനു മുകളില്‍ പത്ത് ലക്ഷം രൂപവരെ എട്ടുശതമാനവും ആയിരിക്കും. അപേക്ഷകന്റെ പേരിലോ, കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടാവാന്‍ പാടില്ല.  വായ്പ പരിധിയ്ക്ക് വിധേയമായി പരമാവധി 90 ശതമാനം തുക വരെ കോര്‍പ്പറേഷന്‍ വായ്പയായി നല്‍കുകയും ബാക്കി തുക ഗുണഭോക്താവിന്റെ വിഹിതവുമാണ്.  വായ്പയ്ക്ക് കോര്‍പ്പറേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന ജാമ്യം ഹാജരാക്കണം. 
പി.എന്‍.എക്‌സ്.2978/18

date