Skip to main content

ലോക യുവജന നൈപുണ്യദിനം ജില്ലാതലാഘോഷം

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയായ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ലോക യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു.  അമ്പലപ്പുഴയിലെ അസാപ്പിന്റെ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ  അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ അധ്യക്ഷത വഹിച്ചു. 

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കാരിക്കൽ, കെ.എസ്.എസ്.ഐ.എ. ജില്ല സെക്രട്ടറി വി.കെ.ഹരിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ബൈജു,  അസാപ് ജില്ല പ്രോഗ്രാം മാനേജർ ശന്തനു പ്രദിപ്,  അമ്പലപ്പുഴ പ്രോഗ്രാം മാനേജർ കവിത, സ്‌കൂൾ പ്രിൻസിപ്പൽ ജവാഹർ നിസ്സ, പി.ടി.എ പ്രസിഡന്റ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ക്യൂറ്റീ പൈ എം.ഡി. ഫൗസിയ നൈസാം, ബ്രിട്ടീഷ് കൗൺസിൽ ട്രൈനെർ റസ്സൽ എന്നിവർ കുട്ടികൾക്ക് നൈപുണ്യ വികസന ക്ലാസുകൾ എടുത്തു. 

ദിനാചരണത്തിന്റെ ഭാഗമായി അസാപ് മുൻവിദ്യാർഥികളെ കുറിച്ചുള്ള പഠനവും നിലവിലുള്ളവരുടെ നൈപുണ്യ ക്രമീകരണവും  സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു കുട്ടികളുടെ മത്സരങ്ങളും സമ്മാനദാനവും നടന്നു.  ഈ വർഷത്തെ അസാപ്പിന്റെ സ്‌കൂൾ- കോളേജുതല പ്രവേശനത്തിന് അതത് കേന്ദ്രങ്ങളിൽ ഇന്നു തുടങ്ങും. വരും വർഷങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിർദേശത്താലുള്ള എൻ.എസ്.ക്യൂ.എഫ് മാർഗരേഖ പ്രകാരമുള്ള തൊഴിൽ നൈപുണ്യ പരിശീലനം രാജ്യത്ത് ഏതൊരു തൊഴിൽ നേടുന്നതിനും മാനദണ്ഡമാകും. വിദ്യാർത്ഥികൾക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അസാപ് പരിശീലനം ഫീസിളവോടെ നേടാനാകും. താൽപര്യമുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും സ്‌കൂളിലെ അസാപ് അധ്യാപക കോർഡിനേറ്ററായോ പ്രിൻസിപ്പാലിനെയോ സമീപിക്കണം. 

 

 (പി.എൻ.എ. 1705/2018)

date