Skip to main content

സംവരണേതര വിഭാഗത്തില്‍ സാമ്പത്തിക പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേ വേണമെന്ന് നിര്‍ദേശം

സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സോഷ്യോ ഇക്കണോമിക് കാസ്റ്റ് സര്‍വേ നടത്തണമെന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ നടത്തിയ ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളും വ്യക്തികളുമായി കോട്ടയം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ അധ്യക്ഷയില്‍ നടന്ന യോഗത്തിലാണ് വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.

മുന്നോക്ക വിഭാഗം എന്നതിനു പകരം സംവരണേതര വിഭാഗം എന്ന് ഭേദഗതി ചെയ്യണം, സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം പുന:ക്രമീകരിക്കണം ഉള്‍പ്പെടെ വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചു. 

സംവരണാനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ സ്ഥിതിവിവരക്കണക്ക് ശേഖരിക്കണം, സംവരണേതര വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ നീതിപൂര്‍വം കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍തലത്തില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കണം, അനുഷ്ഠാന കലാകാരന്‍മാര്‍ക്ക് കൂടുതല്‍ വേതനവും പെന്‍ഷനും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.

ചര്‍ച്ചയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, കേരള വൈശ്യ ക്ഷേമ സഭ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണന്‍ ചെട്ടിയാര്‍, വെള്ളാള മഹാസഭ സെക്രട്ടറി വി. സുരേഷ് കുമാര്‍, മുന്നാക്ക സമുദായ ഐക്യമുന്നണി ജില്ലാ സെക്രട്ടറി കെ.എം. നാരായണന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. തെളിവെടുപ്പില്‍ അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി, മെമ്പര്‍ സെക്രട്ടറി ഡോ. വി.എം. ഗോപാലമേനോന്‍ എന്നിവര്‍ സംബന്ധിച്ചു. എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്കായി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ 24ന് തെളിവെടുപ്പ് നടത്തും.

 

date