Skip to main content

പ്രളയക്കെടുതി നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കും 

 

പ്രളയക്കെടുതി നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കുമെന്ന് ധനകാര്യ- കയര്‍ വകുപ്പ്  മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും അറിയിച്ചു. പ്രളയ ദുരിതത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ നിന്ന് കോട്ടയത്തെ ക്യാമ്പുകളില്‍ എത്തിയ അന്തേവാസികളെ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രിമാര്‍. കുറിച്ചി ഗവ. ഹയര്‍ സെക്കണ്ടറി, തുരുത്തി സെന്റ്‌മേരീസ്, ഇത്തിത്താനം ഹയര്‍ സെക്കണ്ടറി , ചെത്തിപ്പുഴ  പ്ലാസിഡ് മെമ്മോറിയില്‍, ചങ്ങനാശ്ശേരി എസ് ബി കോളേജ്, പെരുന്ന എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയത്. 

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് ആനൂകൂല്യങ്ങള്‍ വേഗത്തില്‍  കൊടുത്തു തീര്‍ക്കുമെന്ന് ധനകാര്യ- കയര്‍ വകുപ്പ്  മന്ത്രി ഡോ. ടി.എം തോമസ് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാവരും നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്യണം. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടതില്‍ പരിഭ്രമം വേണ്ട. പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരില്ല. വീട് പോയവര്‍ക്ക് കാലതാമസം ഇല്ലാതെ നാല് ലക്ഷം രൂപ ലഭ്യമാക്കുമെന്നും ബാങ്ക് ലോണിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി         ജി. സുധാകരനും  പറഞ്ഞു. കുട്ടനാട്ടില്‍ നിന്നുളള 40,000 ഓളം ആളുകളാണ് വിവിധ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായിട്ടുളളതെന്ന് മന്ത്രിമാര്‍  പറഞ്ഞു.

 

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ നീക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കരാര്‍ നല്‍കണം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കണം. ജില്ലയിലെ ദുരിതാ ശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും കത്തിച്ചു കളയേണ്ട മാലിന്യങ്ങള്‍ കത്തിക്കുന്നതിനു ചങ്ങനാശ്ശേരിയില്‍ ഒരു ഉചിതമായ സ്ഥലം കണ്ടെത്തി അവിടെ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കണമെന്നും  മന്തിമാര്‍  നിര്‍ദ്ദേശിച്ചു

 

ദുരിതാ ശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്ത ശേഷം  ബന്ധു വീടുകളില്‍ താമസിക്കുന്നവര്‍ക്കും  ഒരു കുടുംബത്തിന് അരിയും പലവ്യഞ്ജനങ്ങളും മറ്റും ഓണകിറ്റായി നല്‍കും. ഓണകിറ്റുകള്‍ തയ്യാറായി കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി അറിയിച്ചു. വിവിധ  സംഘടനകളുടെ സഹകരണത്തോടെ ശുചീകരണത്തിനുളള കിറ്റും തയ്യാാറായതായി മുന്‍ എംഎല്‍എ വി.എന്‍.വാസവന്‍ അറിയിച്ചു. 

 

കോട്ടയം ജില്ലാ കളക്ടര്‍  ഡോ. ബി.എസ് തിരുമേനി, ആലപ്പുഴ ദുരന്തനിവാരണത്തിന്റെ ചുമതല വഹിക്കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍- ഗ്രാമ വികസന വകുപ്പ് കമ്മീഷണര്‍ പത്മകുമാര്‍, കോട്ടയം സ്‌പെഷ്യല്‍ ഓഫീസര്‍- ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, മുന്‍.എം.എല്‍.എ വി. എന്‍ വാസവന്‍, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍   മന്ത്രിമാരെ അനുഗമിച്ചു.  

 

date