Skip to main content

ശുചീകരണം തുടരുന്നു ; മാലിന്യ നിര്‍മാര്‍ജനത്തിന്  മാനദണ്ഡങ്ങള്‍ പാലിക്കണം 

 

ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ ശുചീകരണ ജോലികള്‍ ഊര്‍ജ്ജിതമാക്കി. വാര്‍ഡ് അംഗങ്ങളുടെ  നേതൃത്വത്തില്‍ വീടുകളും സ്ഥാപനങ്ങളുമാണ് മാലന്യവിമുക്തമാക്കുന്നത്. 

 നാലു ഗ്രൂപ്പുകളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, എ. ഡി. സി. ജനറല്‍ എന്നിവര്‍ക്കാണ് ഗ്രൂപ്പുകളുടെ ചുമതല. ഗ്രൂപ്പുകളുടെ ഏകോപനം നിര്‍വഹിക്കുന്നത് ജില്ലാ പ്ലാനിംഗ് ഓഫീസറാണ്.

 കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത-കാര്‍ഷികകര്‍മ സേന അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, എന്‍. എസ്. എസ് വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍, സന്നദ്ധസംഘടനകള്‍, യുവജനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയാണ് ശുചീകരണവുമായി സഹകരിക്കുന്നത്. 

ശുചീകരണം പൂര്‍ത്തിയാക്കിയ വീടുകളിലേക്ക് ക്യാമ്പുകളിലുള്ളവരെ  മാറ്റി പാര്‍പ്പിക്കുകയാണ്. ജനപ്രതിനിധികളുമായി ദിവസേന കൂടിയാലോചിച്ചാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

പ്ലാസ്റ്റിക് , ആഹാര അവശിഷ്ടം എന്നിവ നീക്കം ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അഴുകുന്ന മാലിന്യം കിണറിന് മൂന്ന് മീറ്റര്‍ അകലെ കമ്പോസ്റ്റ് കുഴികുത്തി നിക്ഷേപിക്കണം. കമ്പോസ്റ്റിംഗിന്റെ വേഗത കൂട്ടാനായി ഇനോക്കുലം തളിക്കണം. 

 അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് നീണ്ടകരയിലെ ഷ്രെഡിംഗ് യൂണിറ്റിന് കൈമാറണം. മറ്റ് അജൈവ വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്കോ പാഴ്‌വസ്തു വ്യാപാരികള്‍ക്കോ നല്‍കണം. പ്ലാസ്റ്റിക് മാലിന്യം കത്തിക്കാനോ വലിച്ചെറിയാനോ കുഴിച്ചു മൂടാനോ പാടില്ല. 

  സെപ്റ്റിക് ടാങ്ക് മാലിന്യം മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നീക്കം ചെയ്യേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപന ഭാരവാഹികള്‍ 9447975718 എന്ന നമ്പരില്‍ ബന്ധപ്പെടാം. 

ശുചീകരണത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ലഭിക്കാന്‍ ഹരിതകേരളം മിഷന്റെ 9188120322 നമ്പരിലും ബന്ധപ്പെടണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി അറിയിച്ചു.  (പി.ആര്‍.കെ. നമ്പര്‍ 1964/18)

 

 

date