Skip to main content

ധനസമാഹരണം:ജില്ലയിൽ ഇതുവരെ കിട്ടിയത് 25.27 കോടി രൂപ

ജില്ലയിലെ മണ്ഡലതതല ധനസമാഹരണയജ്ഞത്തിന് ഇന്ന് ചെങ്ങന്നൂരിൽ സമാപനം

 

ആലപ്പുഴ:പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള ധനസമാഹരണയജ്ഞത്തിന് ഇന്ന് ചെങ്ങന്നൂരിൽ സമാപനം. ഇന്ന് (സെപ്റ്റംബർ 20) രാവിലെ 10ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജിലും വൈകിട്ട് മൂന്നിന് മാന്നാർ പഞ്ചായത്ത് ഹാളിലുമാണ് ധനസമാഹരണം. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവർ തുക ഏറ്റുവാങ്ങും. യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പി.മാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

എട്ടു നിയോജകമണ്ഡലങ്ങളിലെ നിധിസമാഹരണം പൂർത്തിയായപ്പോൾ ഇതിനകം 25,27,744,053 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയത്. ജില്ലയിൽ ധനസമാഹരണത്തിന് നേതൃത്വം നൽകിയ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ, ഭക്ഷ്യമന്ത്രി പി.തിലോത്തമൻ എന്നിവരുടെ മേൽനോട്ടത്തിൽ ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഓരോ മണ്ഡലത്തിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഓരോ ദിവസവും കൃത്യമായ അവലോകനവും നടത്തിയിരുന്നു. ഇക്കാര്യത്തിൽ മന്ത്രിമാരെ സഹായിക്കാനായി നിയമിച്ച സ്‌പെഷൽ ഓഫീസർ നികുതി വകുപ്പ് സെക്രട്ടറി പി.വേണുഗോപാലിന്റെ സേവനവും എടുത്തുപറയേണ്ടതായിരുന്നു.

കഴിഞ്ഞ 14ന് മാവേലിക്കര നിയമസഭ മണ്ഡലത്തിൽ നിന്നാണ് ധനസമാഹരണയജ്ഞത്തിന് തുടക്കം കുറിച്ചത്. അന്നു തന്നെ കായംകുളത്തും ധനസമാഹരണം നടന്നു. മാവേലിക്കരയിൽ 1.86 കോടിരൂപയും കായംകുളത്ത് 1.85 കോടി രൂപയുമുൾപ്പടെ ആദ്യദിനം തന്നെ 3.71 കോടി രൂപയാണ് നവകേരളത്തിനായി ജനങ്ങൾ  നൽകിയത്. കുട്ടനാട്ടിൽ 15ന് നടന്ന ധനസമാഹരണത്തിൽ 1.29 കോടി രൂപ ലഭിച്ചു.

അമ്പലപ്പുഴയിൽ നിന്നാണ് ജില്ലയിൽ റെക്കോർഡ് കളക്ഷൻ നേടിയത്. കെ.കെ.കുഞ്ചുപിള്ള സ്മാരക സ്‌കൂളിലും ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലുമായി നടത്തിയ ധനസമാഹരണയജ്ഞത്തിൽ 7.67 കോടി രൂപയാണ് ലഭിച്ചത്. ഹരിപ്പാട് നിയമസഭ മണ്ഡലത്തിൽ നിന്ന്  1.80 കോടി രൂപയാണ്  ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്.

ആലപ്പുഴ മണ്ഡലത്തിൽ നടന്ന നിധിസമാഹരണത്തിൽ 2.34 കോടി രൂപ സംഭാവനയായി കിട്ടി. അരൂർ മണ്ഡലത്തിൽ നിന്ന് 2.44 കോടി രൂപയാണ് ലഭിച്ചത്. ചേർത്തല മണ്ഡലത്തിൽ 4.75 കോടിരൂപയുടെ ധനസമാഹരണം ഉണ്ടായി. ഇത് കൂടാതെ മറ്റ് കറൻസിയായും സ്ഥലമായും ആഭരണങ്ങളായും മറ്റും ധാരാളം സംഭാവനയെത്തി. രജിസ്റ്റർ പ്രകാരം നേരത്തെ ലഭിച്ച 76,68,274 രൂപയും ഡോളർ മൂല്യനിർണയത്തിൽ ലഭിച്ച 48,00000 രൂപയും ഇതിന് പുറമേ വരും.  ശരാശരി ജില്ലയിൽ നിന്ന്  20 കോടി രൂപയാണ് ധനസമാഹരണത്തിലൂടെ പ്രതീക്ഷിച്ചത്. ഇതിനകം ഈ ലക്ഷ്യം മറികടക്കാൻ ദുരന്തത്തിൽ ഏറ്റവും കെടുതികൾ ഉണ്ടായ ജില്ലയായിട്ടും കഴിഞ്ഞെന്നത് ജനങ്ങളുടെ നവകേരളമെന്ന ആശയത്തോടുള്ള സമീപനമാണ് തെളിയിക്കുന്നതെന്ന് മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും പറഞ്ഞു.

 

date