Skip to main content

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ യോഗ്യരായ പരമാവധി പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും;  വിപുലമായ പ്രചാരണം നടത്തും: ജില്ലാ കളക്ടര്‍

 

ജില്ലയിലെ യോഗ്യരായ പരമാവധി പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന്‍ ഓഫീസറുമായ പി.ബി. നൂഹ് പറഞ്ഞു. വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഇലക്ഷന്‍ കമ്മീഷന്‍ നടപ്പാക്കുന്ന സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പരിപാടിയുടെ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. 

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെ നടക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്ന യുവജനങ്ങളേയും കേരളത്തിന് പുറത്തു പഠിക്കുന്ന വിദ്യാര്‍ഥികളെയും ഗ്രാമീണ, ആദിവാസി, ഭിന്നലിംഗക്കാര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരേയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ജില്ലയിലെ എല്ലാ കോളജുകളിലും ഹയര്‍സെക്കന്‍ഡന്‍ഡറി സ്‌കൂളുകളിലും വോട്ടര്‍ പട്ടികയില്‍ യുവജനങ്ങളെ ചേര്‍ക്കുന്നതിന് പ്രചാരണം നടത്തും. ഇതിനു പുറമേ, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവ മുഖേന ജില്ലയിലെ ക്ലബുകള്‍ മുഖേന യുവജനങ്ങളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും. ആദിവാസി മേഖലയില്‍ പ്രചാരണം നടത്തുന്നതിന് പട്ടികവര്‍ഗ വകുപ്പിന്റെ പ്രമോട്ടര്‍മാരെ നിയോഗിക്കും. ഭിന്നശേഷിയുള്ളവരേയും ഭിന്നലിംഗക്കാരേയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് സാമൂഹിക നീതി വകുപ്പിന്റെ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രവാസികള്‍, സംസ്ഥാനത്തിനു പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിക്കും. സ്വീപ്പ് പരിപാടി നടപ്പാക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കി ഒക്ടോബര്‍ ഒന്നിന് നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ പി.അജന്താകുമാരി, സ്വീപ് പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ ഡി. മോഹന്‍ദേവ്, തഹസീല്‍ദാര്‍മാരായ ശോഭന ചന്ദ്രന്‍, ബി. ജ്യോതി, കെ.എച്ച് മുഹമ്മദ് നവാസ്, ടി.ജി. ഗോപകുമാര്‍, കെ.വി. രാധാകൃഷ്ണന്‍ നായര്‍, എന്‍ഐസി ഓഫീസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ബിജുകുമാര്‍, ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ഉദയകുമാരി, ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിറോഷ് ഖാന്‍, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സെക്രട്ടറി കെ.ബി. ലാല്‍, എന്‍സിസി പ്രതിനിധി പുഷ്പ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                   (പിഎന്‍പി 3017/18)

date