Skip to main content

എച്ച്.1 എന്‍.1 പനി  ജാഗ്രത പാലിക്കുക

 

 

കൊച്ചി: ജില്ലയില്‍ അഞ്ചുവയസ്സുള്ള കുട്ടിക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ച  സാഹചര്യത്തില്‍ എല്ലാവരും രോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സാധാരണ വരുന്ന ജലദോഷപനി രണ്ടു  ദിവസത്തിനുള്ളില്‍ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ചികിത്സ തേടുന്നതിലുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും, മരണം വരെ സംഭവിക്കുവാനും ഇടയാക്കും. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും എച്ച്.1 എന്‍.1 രോഗബാധിതരില്‍ നിന്നും പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്. 

പനി, ചുമ, തൊണ്ടവേദന, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം സാധാരണ ഗതിയില്‍ ഏതാനും ദിവസത്തെ വിശ്രമം കൊണ്ടും, പോഷകമൂല്യമുള്ള ആഹാരവും, കഞ്ഞിവെള്ളം പോലുള്ള ചൂടുപാനീയങ്ങളും കഴിക്കുന്നത് കൊണ്ടും മാറുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളിലും, ഹൃദയ, വൃക്ക, പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും, മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച് 1 എന്‍ 1 രോഗാണുബാധ ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും ഇടയുണ്ട്. 

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക,  പുറത്ത് പോയി വന്നതിന് ശേഷം കൈകള്‍ തീര്‍ച്ചയായും സോപ്പുപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങളുള്ളവര്‍ തിരക്കേറിയ മാളുകള്‍, തീയേറ്ററുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക എന്നീ മുന്‍കരുതലുകളെടുക്കണം.. 

സാധാരണ മാറുന്ന സമയം കൊണ്ട് പനി മാറിയില്ലെങ്കിലോ, പനി കൂടുതലാകുകയാണെങ്കിലോ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.  ഗര്‍ഭാവസ്ഥയില്‍ രോഗം ബാധിച്ചാല്‍ അത് ഗുരുതരമാകാനിടയുണ്ട്. ഗര്‍ഭിണികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ എച്ച്.1 എന്‍.1 പനിക്കെതിരായ ചികിത്സ ആരംഭിക്കണം. എച്ച്.1 എന്‍.1 പനിക്കെതിരായ ഫലപ്രദമായ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. രോഗബാധയുള്ളവര്‍ സ്‌കൂള്‍, ഓഫീസ്, എന്നിവിടങ്ങളില്‍ നിന്നും രോഗം പൂര്‍ണമായി ഭേദമാകുന്നവരെ വിട്ടു നില്‍ക്കണം.

date