Skip to main content

വൃത്തി നേടും കേരളം വിജയിക്കും കേരളം:  തീവ്രശുചീകരണയജ്ഞം ഒക്‌ടോബര്‍ രണ്ടു വരെ

 

 

കാക്കനാട്: പ്രളയാനന്തരശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടത്തുന്ന തീവ്രശുചീകരണയജ്ഞം വൃത്തിനേടും കേരളം വിജയിക്കും കേരളം ഒക്‌ടോബര്‍ രണ്ടുവരെ ജില്ലയില്‍ നടപ്പാക്കും. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള ജൈവമാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്‌കരിക്കുകയും അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് പുന:ചംക്രമണത്തിന് കൈമാറുകയുമാണ് പ്രധാന ലക്ഷ്യം.  നദികള്‍, തോടുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളും നീക്കം ചെയ്യും.  

പഞ്ചായത്ത് വകുപ്പ്, നഗരകാര്യവകുപ്പ്, ഗ്രാമവികസനവകുപ്പ് എന്നിവ സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക.  അതോടൊപ്പം ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ എന്നിവയുടെ സംയുക്തനേതൃത്വവും ഏകോപനവും ലഭ്യമാകും.  ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും  ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കുമാണ് ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യക്ഷന്മാര്‍ മേല്‍നോട്ടം വഹിക്കണം.  വിദ്യാലയങ്ങളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവബോധമുണ്ടാക്കാന്‍  പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കും.  സ്ഥാപനമേധാവികള്‍ ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.  ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കുന്നതിനും ജലാശയതീരത്തുള്ള മാലിന്യം നീക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

date