Skip to main content

പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌  ചട്ടവിരുദ്ധമായി ഫീസ്‌ ഈടാക്കരുത്‌: ക്ഷേമസമിതി 

ഗവ.കോളേജ്‌, സ്‌കൂള്‍ തലങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ ഫണ്ടുകളടക്കം ചട്ടവിരുദ്ധമായി ഫീസ്‌ ഈടാക്കരുതെന്ന്‌ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമസമിതി. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പരാതിക്കാരുടെയും സിറ്റിങ്ങിലാണ്‌ സമിതിയുടെ തീരുമാനം. സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങില്‍ സമിതി അംഗങ്ങളും എംഎല്‍എമാരുമായ കോവൂര്‍ കുഞ്ഞുമോന്‍, വി.പി. സചീന്ദ്രന്‍, സി.കെ. ആശ, ഒ.ആര്‍. കേളു, യു.ആര്‍. പ്രദീപ്‌, ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ, ജോ.സെക്രട്ടറി ആര്‍. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ഗവ. എന്‍ജിനിയറിങ്ങ്‌ കോളേജിലെ പട്ടികജാതി വിദ്യാര്‍ത്ഥിയില്‍ നിന്ന്‌ ഒരു വര്‍ഷം പി.ടി.എ.ഫണ്ടായി 37,835 രൂപ ഈടാക്കിയെന്ന പരാതി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു സമിതി നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌. ഇത്‌ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പ്‌ ജില്ലാ ഓഫീസര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളില്‍ നിന്ന്‌ അമിതമായ ഫീസ്‌ ഈടാക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ സമിതി അറിയിച്ചു. അച്ചന്‍കുന്ന്‌ പട്ടികജാതി കോളനിയിലെ പട്ടയമില്ലാത്ത 16 അന്തേവാസികള്‍ക്ക്‌ ഉടന്‍ പട്ടയം അനുവദിക്കണമെന്നും ഇതു നല്‍കി ഒരു മാസത്തിനകം സമിതിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചാവക്കാട്‌ താലൂക്കില്‍ താമസിക്കുന്ന പത്ത്‌ പട്ടികജാതി കുടുംബങ്ങള്‍ക്ക്‌ വഴി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരാഴ്‌ചക്കുള്ളില്‍ ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്താന്‍ തീരുമാനമായി. 
സിറ്റിങ്ങില്‍ വന്ന പുതിയ പരാതി ഉള്‍പ്പെടെ എല്ലാ പരാതികളും തീര്‍പ്പാക്കി. നേരത്തെ കിട്ടിയിട്ടുള്ളതും തീര്‍പ്പാക്കാനുള്ളതുമായ പരാതികള്‍ സമിതി പഠിച്ച്‌ സര്‍ക്കാരിനു കൈമാറും. തുടര്‍ന്ന്‌ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ചെമ്പൂക്കാവ്‌ ഓഫീസില്‍ സമിതി അംഗങ്ങളായ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എംഎല്‍എ, എംഎല്‍എമാരുമായ കോവൂര്‍ കുഞ്ഞുമോന്‍, വി.പി. സചീന്ദ്രന്‍, സി.കെ. ആശ, ഒ.ആര്‍. കേളു എന്നിവര്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തി. വായ്‌പാ സൗകര്യങ്ങള്‍ സുതാര്യമാക്കി പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിലെ അംഗങ്ങളെ സ്വയംതൊഴിലില്‍ വ്യാപൃതരാക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു. സ്‌ത്രീ ശാക്തീകരണത്തോടൊപ്പം പുരുഷന്മാര്‍ക്കുള്ള സഹായങ്ങളും നല്ലരീതിയില്‍ നടപ്പാക്കണമെന്നും സമിതിയംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. എം.എ.നാസര്‍, പ്രൊജക്‌ട്‌ മാനേജര്‍ വി. ശശികുമാര്‍, മാനേജര്‍ പി.എസ്‌. രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. 

date