Skip to main content

മത്സ്യത്തൊഴിലാളിമേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലകളില്‍  പ്രത്യേക സംവിധാനം -മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ

 

മത്സ്യം കരയ്ക്കടിപ്പിക്കുന്നതിനും ലേലം ചെയ്യുന്നതിനും സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. 

മത്സ്യമേഖലയിലെ പ്രാദേശികതര്‍ക്കങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന വിവിധ ട്രേഡ് യൂണിയനുകളുടെയും ബോട്ട് ഉടമ സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷതവഹിക്കുക യായിരുന്നു മന്ത്രി.  

മത്സ്യത്തൊഴിലാളികള്‍ കേരള തീരത്ത്‌നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ കരയ്ക്കടിപ്പിക്കല്‍ കേന്ദ്രങ്ങളില്‍കൊണ്ടുവന്ന് ലേലം ചെയ്യുന്നതിന് നിയന്ത്രണമില്ല. എന്നാല്‍ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ പ്രാദേശികമായി ചിലരുടെ താല്പര്യത്തിലധിഷ്ഠിതമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനുള്ള അവസരം ഇത് ഇല്ലാതാക്കും. കൂടാതെ മത്സ്യത്തൊഴിലാളി ചൂഷണത്തിനുള്ള മാര്‍ഗമായിട്ടും നിയന്ത്രണങ്ങള്‍ മാറുന്നു. നിയമവിരുദ്ധമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

ചെറുമീനുകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോഴത്തെ വര്‍ധിച്ച മത്സ്യോത്പാദനത്തിനുള്ള ഒരു കാരണം.  നിയന്ത്രണം കാരണം മത്സ്യോത്പാദനം വര്‍ധിക്കുകയും മത്സ്യത്തൊഴിലാളിക്ക്  കൂടുതല്‍ മത്സ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശിക നിയന്ത്രണങ്ങള്‍ ന്യായവില ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നതു പരിഹരിക്കാനാണ് ജില്ലകളില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വര്‍ധിച്ച മത്സ്യോത്പാദനത്തെ തുടര്‍ന്ന് മീന്‍പിടിത്തം വര്‍ദ്ധിച്ചതും ന്യായമായ വില കിട്ടാതിരിക്കാനുളള മറ്റൊരു കാരണമാണ്. ഇതിനുള്ള പരിഹാരമായി 250 എച്ച്.പി  ശേഷിയുള്ള ബോട്ടുകള്‍ മാത്രം 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്  പരിശോധിക്കും. ഇതിനു മുകളില്‍ ശേഷിയുള്ള ബോട്ടുകള്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം നടത്തണം. പൊതുതാല്പര്യം സംരക്ഷിക്കാനായാണ് നിയമങ്ങള്‍ ഉണ്ടാകുന്നത്.  നിയമലംഘനങ്ങള്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.  

മത്സ്യഫെഡ് ചെയര്‍മാന്‍ പി. ചിത്തരഞ്ജന്‍, ഫിഷറീസ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

   പി.എന്‍.എക്‌സ്.4186/18

 

date