Skip to main content

ഭൂമിമലയാളം പരിപാടി നവംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

*ഇന്ത്യയിലെ പത്ത് മഹാനഗരങ്ങളില്‍ സാംസ്‌കാരിക ദൃശ്യയാത്ര സംഘടിപ്പിക്കും 

  എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യത്തോടെ മലയാളം മിഷന്‍ ആരംഭിക്കുന്ന ഭൂമിമലയാളം പരിപാടി നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക മലയാള ദിനാചരണം, വിവിധ ഭാഷാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. 

രാവിലെ പതിനൊന്നിന് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഭാഷാപ്രതിജ്ഞയില്‍ പങ്കുചേരും. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, ഭരണ സമിതി അംഗങ്ങളായ സുഗതകുമാരി, വി. മധുസൂദനന്‍നായര്‍, അശോകന്‍ ചെരുവില്‍, ശാരദക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. കവിയും പ്രവാസി മലയാളിയുമായ കെ. സച്ചിദാനന്ദനാണ് ഭൂമിമലയാളം പദ്ധതിക്കായി ഭാഷാപ്രതിജ്ഞ തയ്യാറാക്കിയത്. 

ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി മലയാളഭാഷയുടെ വികാസ പരിണാമങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്ന ഭാഷാ സെമിനാര്‍ ഒക്ടോബര്‍ 24ന്  വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരം ഹാളില്‍ നടക്കും. നവംബര്‍ ഒന്നു മുതല്‍ നാലുവരെ ഓസ്ട്രേലിയ മുതല്‍ അമേരിക്ക വരെയായി വിവിധ രാജ്യങ്ങളില്‍ ലോകമലയാള ദിനാചരണം, മലയാളിയുടെ ലോകഭൂപടം രചിക്കല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികളുടെ ഭാഷാപ്രതിജ്ഞ, വിവിധ മേഖലകളിലെ ആഗോള മലയാളി പ്രതിഭകളുടെ പങ്കാളിത്തം, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, ഭാഷാ ചരിത്ര പ്രദര്‍ശനം, മലയാള ഭാഷാപഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. 

 നാലു ഭൂഖണ്ഡങ്ങളിലായി 15000ത്തോളം വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ പത്തു സംസ്ഥാനങ്ങളിലുമായി ആയിരത്തിമുന്നൂറോളം പഠന കേന്ദ്രങ്ങളും 25000ത്തോളം വിദ്യാര്‍ത്ഥികളും മലയാളം മിഷനു കീഴിലുണ്ട്. ഭൂമിമലയാളം പരിപാടിയിലൂടെ മലയാളികളുടെ സാന്നിധ്യമുള്ള കൂടുതല്‍ ദേശങ്ങളിലേക്ക് ഭാഷാ പഠനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. 

മലയാളം മിഷനും ഭാരത് ഭവനും ചേര്‍ന്ന് ഇന്ത്യയിലെ പത്ത് മഹാനഗരങ്ങളില്‍ സാംസ്‌കാരിക ദൃശ്യയാത്രയും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതിജീവനത്തിന്റെയും നവകേരളത്തിന്റെയും സന്ദേശവുമായി മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ദൃശ്യയാത്ര സംഘടിപ്പിക്കുന്നത്. ഇന്ദ്രജാലം, സംഗീതം, ചലച്ചിത്രം, നാടകം, മൂകാഭിനയം, ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് വര്‍ക്ക്, സാന്‍ഡ് ആര്‍ട്ട്, നൃത്തം, കഥാപ്രസംഗം, കണ്ടമ്പററി ഡാന്‍സ്, നവ മാധ്യസങ്കേതങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഓരോ വേദിയിലും പരിപാടി അരങ്ങേറുന്നത്. 

കലാ സംഘം വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച തുക കേരളത്തില്‍ തിരികെയെത്തി ടാഗോര്‍ തിയറ്ററില്‍ ഭൂമിമലയാളം അവതരിപ്പിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയെ ഏല്‍പിക്കുമെന്നും സാംസ്‌കാരിക മന്ത്രി അറിയിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, മലയാളം മിഷന്‍ ഡയറക്ടര്‍ സുജസൂസന്‍ ജോര്‍ജ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4513/18

date