Skip to main content

പ്രതിഭാപോഷണ പരിപാടി ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം നടത്തി

 

ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന പ്രതിഭാപോഷണ പരിപാടിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. പത്തനംതിട്ട ബിആര്‍സിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി അനിത ഉദ്ഘാടനം ചെയ്തു. പാഠ്യേതര മേഖലയില്‍ അസാധാരണമായ മികവ് പുലര്‍ത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന പദ്ധതിയാണ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍. ഓര്‍മ്മശക്തി, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അവഗാഹം, റോബട്ടിക്‌സ് പോലുള്ള വിഷയങ്ങളിലെ നൈപുണ്യം, കണക്കിലെ കളികളിലെ അസാധാരണ കഴിവ് തുടങ്ങിയ മേഖലകളിലെ പ്രകടനം എന്നിവ വിദഗ്ധസമിതി വിലയിരുത്തിയാണ് പദ്ധതിയിലേയ്ക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പരിപാടിയിലൂടെ സയന്‍സ്, ഐടി, ഗണിതം, സോഷ്യല്‍സയന്‍സ്, ഭാഷയും ആശയവിനിമയവും, കലയും സംസ്‌കാരവും തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരുടെ ക്ലാസുകള്‍ ഉള്‍പ്പെടുത്തി പ്രതിഭാധനരായ കുട്ടികള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നു. കൂടാതെ ഫീല്‍ഡ് ട്രിപ്പും സംഘടിപ്പിക്കും. കഴിഞ്ഞ യുഎസ്എസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷം പരിപാടി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി. ഉഷ, ടി.ആര്‍ റെജികുമാര്‍, റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ റെജി വര്‍ഗീസ്, പി, സജി തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3373/18)

date