Skip to main content

'ഹെല്‍ത്തി ഫുഡ് ചലഞ്ച്' ഏറ്റെടുക്കാന്‍ സമൂഹം  തയാറാകണം -മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

 

ആരോഗ്യസംരക്ഷണത്തിനായി 'ഹെല്‍ത്തി ഫുഡ് ചലഞ്ച്' ഏറ്റെടുക്കാന്‍ സമൂഹം തയാറാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. സുരക്ഷിതവും ആരോഗ്യകരവും പോഷകനിലവാരമുള്ളതുമായ ഭക്ഷണം എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന 'സ്വസ്ത് ഭാരത്' അഖിലേന്ത്യാ സൈക്ലത്തോണിനോടനുബന്ധിച്ചുള്ള ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലീ രോഗങ്ങളാണ് ഇന്നത്തെ പ്രധാനപ്രശ്‌നം. ജങ്ക് ഫുഡ്, രുചീകരമെന്ന് തോന്നുമെങ്കിലും ആരോഗ്യം തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ തുടങ്ങിയ മാറ്റിനിര്‍ത്താന്‍ നാം തയാറാകണം. രോഗങ്ങള്‍ക്ക് തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന രീതിക്കുപകരം രോഗം ഒഴിവാക്കുന്ന ഭക്ഷണത്തിലേക്ക് മാറണം.

ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ആശുപത്രികളില്‍ ഇത്തരം ഭക്ഷണം വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ കുടുംബഡോക്ടര്‍മാര്‍ക്ക് രോഗികള്‍ക്ക് പകര്‍ന്നുനല്‍കാനായി ഡയറ്റ് സംബന്ധിച്ച പരിശീലനം കൂടി നല്‍കും. പതിയെ പതിയെ ഇത് സമൂഹത്തിന് ഗുണപരമാകും.

'സുരക്ഷിത ആഹാരം, ആരോഗ്യത്തിനാധാരം' എന്ന മുദ്രാവാക്യവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുന്നുണ്ട്. നിരവധി പഞ്ചായത്തുകള്‍ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയായി പ്രഖ്യാപിച്ചുകഴിഞ്ഞു. 

മ്ീനുകളിലെ വിഷാംശം പരിശോധിക്കുന്ന ഓപ്പറേഷന്‍ സാഗര്‍റാണി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കി. മൂന്ന് ഭക്ഷ്യ സുരക്ഷാ മൊബൈല്‍ ലാബുകള്‍ ആരംഭിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളുമായി വേഗത്തില്‍ പരിശോധനാഫലം ലഭ്യമാകുന്ന ലാബ് കൂടി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജിയണ്‍ ഡയറക്ടര്‍ പി. മുത്തുമാരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, ഐ.എം.എ പ്രതിനിധി ശ്രീജിത്ത് എന്‍. കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.സി. സാബു സ്വാഗതവും ജോയന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.കെ. മിനി നന്ദിയും പറഞ്ഞു.സൈക്ലത്തോണിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യമന്ത്രി ഇന്ന് (ഒക്‌ടോബര്‍ 17) രാവിലെ 6.30ന് കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ നിര്‍വഹിക്കും. സൈക്ലത്തോണിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളിലെ മായം പരിശോധിക്കുന്ന മൊബൈല്‍ ടെസ്റ്റിംഗ് ലാബിന്റെ സേവനവുമുണ്ടാകും.

   പി.എന്‍.എക്‌സ്.4635/18

date