Skip to main content

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും-മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

 

തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി, ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലിടങ്ങളിലാണ് സ്ത്രീകള്‍ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. പലപ്പോഴും പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ പല സംഭവങ്ങളും പുറത്തു പറയാറില്ല. അതിനാല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലായിടങ്ങളിലും ഇന്റേണല്‍ പരാതി സെല്ലുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കും. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നിയമം ഉടന്‍ നടപ്പാക്കും. 

    ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് 2013ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു. ഈ വിധിയുടെയും വിശാഖ കേസിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ മേഖലയില്‍ ഇന്റേണല്‍ പരാതി സെല്ലുകളും ലോക്കല്‍ പരാതി സെല്ലുകളും രൂപീകരിച്ചിരുന്നു. ഇപ്പോള്‍ ഇത് ഇന്റേണല്‍ സെല്‍, ലോക്കല്‍ സെല്‍ എന്നീ പേരുകളിലാണ് സെല്‍ അറിയപ്പെടുന്നത്. കേരളത്തില്‍ സെല്ലിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ശക്തമാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്.  

ഇന്‍ഡസ്ട്രി എന്ന നിലയില്‍ ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ വലിയ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അതിനെതിരെ രംഗത്തു വരുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുക എന്നതിന് മാറ്റമുണ്ടാകില്ല. മാധ്യമരംഗത്തും സ്ത്രീകള്‍ പല തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ പരാതി നല്‍കിയാല്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജെന്റര്‍ അഡൈ്വസര്‍ ടി.കെ.ആനന്ദി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.   

 പി.എന്‍.എക്‌സ്.4636/18

date