Skip to main content
ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജോയ്സ് ജോര്‍ജ് എം പി. നിര്‍വഹിക്കുന്നു.

ദേശീയ ആയുര്‍വ്വേദ ദിനം ആചരിച്ചു

 

ദേശീയ ആയുര്‍വ്വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടം മാര്‍ത്താമറിയം പാരിഷ് ഹാളില്‍ ജോയ്സ് ജോര്‍ജ് എം പി നിര്‍വ്വഹിച്ചു.  ആരോഗ്യത്തോട് കൂടി ജീവിക്കുകയാണ് പ്രധാനമെന്നും ആയുര്‍വേദ ചികിത്സകളെകുറിച്ചുള്ള  തെറ്റിധാരണകള്‍ മാറ്റി ആയുര്‍വ്വേദ ചികിത്സാരീതികളെ സമീപിക്കുവാന്‍ കഴിയണമെന്നും  അദ്ദേഹം പറഞ്ഞു. ഇടുക്കി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, മുട്ടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ്  'പൊതുജനാരോഗ്യം ആയുര്‍വേദത്തിലൂടെ ' എന്ന സന്ദേശം മുന്‍നിര്‍ത്തിയുള്ള മൂന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണം  സംഘടിപ്പിച്ചത്.  ചടങ്ങില്‍  പി ജെ ജോസഫ് എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. യുവതലമുറയെ  അടിമകളാക്കുന്ന  ലഹരിവസ്തുക്കളില്‍ നിന്നും മോചനം നേടുന്നതിനുള്ള  ക്ലിനിക്കിന്റെയും, മുട്ടം ഗ്രാമപഞ്ചായത്ത് ആയുഷ്ഗ്രാം പദ്ധതിയുടെയും ഉദ്ഘാടനവും  എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു മുഖ്യാതിഥിയായിരുന്നു.  

 

 

ജനങ്ങളില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനും ആരോഗ്യരംഗത്ത് ജനങ്ങള്‍ക്ക് വേണ്ട ബോധവല്‍ക്കരണം നല്‍കുന്നതിനും ജില്ലയിലെ വിവിധ മേഖലയില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ 2 മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ബോധവല്‍ക്കരണ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ ബാബു നിര്‍വഹിച്ചു. ആയുര്‍വേദ ദിന വിളംബരം ജാഥ, ശ്രീധരീയം ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നേത്രപരിശോധനാ ക്യാമ്പ്, നാഗാര്‍ജുന ഹെര്‍ബല്‍ വാഗന്‍ എക്‌സിബിഷന്‍, ആയുര്‍വേദ പ്രസവാനന്തര പരിചരണ ബുക്ക്ലെറ്റ് പ്രകാശനം, മുക്തി പത്രിക പ്രകാശനം എന്നിവ നടന്നു. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, ഇടുക്കി ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ റോബര്‍ട്ട് രാജ്, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി തുടങ്ങിയവരും മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങളും ആയുര്‍വേദ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. 

ആയുര്‍വേദ, ആരോഗ്യ വിഷയങ്ങളെ സംബന്ധിക്കുന്ന പഠന-ബോധവല്‍ക്കരണ  ക്ലാസ്സുകള്‍ ആപ്ത ആയുര്‍വേദ, മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചീഫ് എഡിറ്റര്‍ ഡോ ഉഷ കെ പുതുമന, എറണാകുളം കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ റ്റി എം ഉണ്ണികൃഷ്ണന്‍, നാഗാര്‍ജുന കാര്‍ഷിക വിഭാഗം മാനേജര്‍ ബേബി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടന്നത്. 

date