Skip to main content

നിലമ്പൂര്‍ ബൈപാസ്: തടസ്സങ്ങള്‍ നീക്കാന്‍ സംയുക്ത പരിശോധന നടത്തി

നിലമ്പൂരിലെ നിര്‍ദിഷ്ട ബൈപാസിന്റെ നിര്‍മാണത്തിന് തടസ്സമായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പി.വി. അന്‍വര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ സംയുക്ത പരിശോധന നടത്തി. റവന്യൂ, ലാന്റ് അക്വിസിഷന്‍, പൊതുമരാമത്ത്, ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ വിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
നിര്‍ദ്ദിഷ്ട ബൈപാസിന് സമീപം കടന്നുപോകുന്ന 66 കിലോ വാട്ട് ഇലക്ട്രിക്കല്‍ ടവര്‍ ലൈന്‍ 110 കിലോവാട്ടായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു കൂടിയാണ് പരിശോധന നടത്തിയത്. ബൈപ്പാസിന്റെ നിര്‍ദ്ദിഷ്ട ഘടന മാറ്റാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു ഇലക്ട്രിക് ലൈന്‍ കൊണ്ടുപോവാന്‍ ധാരണയായി. പ്രവൃത്തിയുടെ അധിക ചെലവ് കണ്ടെത്തുന്നതിനായി സര്‍ക്കാരിനെ സമീപിക്കും.
ബന്ധപ്പെട്ട വകുപ്പുകള്‍ കലക്ടര്‍ക്ക് പ്രത്യേകമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു സ്ഥലമേറ്റേടുത്ത് ബൈപ്പാസ് നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാക്കും. മുപ്പത് മീറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിര്‍മ്മിക്കുന്നത്. 10 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 4.3 കിലോമീറ്റര്‍ നീളത്തിലാണ് നിലമ്പൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നത്. 960 മീറ്ററില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ബി.എസ്. സുബോധ്കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ശബരീനാഥന്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷൈല, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ഹരീഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.സി. പ്രിന്‍സ് ബാലന്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ അബ്ദുല്‍ സലാം, രാജീവ്, എ.എക്‌സ്.ഇ മാരായ ഉണ്ണികൃഷ്ണന്‍, പി.വി. പ്രമോദ്, എ.ഇ  ആര്‍.ജ്യോതികുമാര്‍, എസ്.ഇ. അജിത് കുമാര്‍, നഗരസഭ കൗണ്‍സിലര്‍ പി.ഗോപാലകൃഷ്ണന്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date