Skip to main content
ഐ.എസ്.ആര്‍.ഒ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ അധികൃതരുമായി ജോയ്‌സ് ജോര്‍ജ്ജ് എം.പിയും ജില്ലാകലക്ടര്‍ ജീവന്‍ബാബുവും ചര്‍ച്ച നടത്തുന്നു.

പ്രളയാനന്തര നിര്‍മ്മാണം: ഐ.എസ്.ആര്‍.ഒ സഹായം ലഭ്യമാക്കും

 

 

ജില്ലയില്‍ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വീടുകളും പൊതുസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മ്മിതികളുടെ പുനര്‍നിര്‍മ്മാണത്തില്‍ ജില്ലയ്ക്ക് സഹായഹസ്തവുമായി ഐ.എസ്.ആര്‍.ഒയുടെ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍. പ്രകൃതി ദുരന്തത്തില്‍ ജില്ലയില്‍ ഏറ്റവും അധികം നാശനഷ്ടം നേരിട്ട ഏതെങ്കിലും പഞ്ചായത്തിന്റെ പുനരുദ്ധാരണത്തില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി സഹായം ലഭ്യമാക്കുന്നതിനാണ് ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ അധികൃതര്‍ താല്‍പര്യം അറിയിച്ചത്. ജില്ലാഭരണകൂടം നിര്‍ദ്ദേശിക്കുന്ന പ്രോജക്ടുകള്‍ക്ക് സി.എസ്.ആര്‍ ഫണ്ടിലൂടെ സഹായം ലഭ്യമാക്കാമെന്ന് ജോയ്‌സ്‌ജോര്‍ജ്ജ് എം.പിയും ജില്ലാകലക്ടര്‍ ജീവന്‍ബാബുവുമായി കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ സി.എം.ഡി രാകേഷ് ശശിഭൂഷണും, ഡയറക്ടര്‍(സി.എസ്.ആര്‍) ബി.കെ. രംഗനാഥുമാണ് ഉറപ്പ് നല്‍കിയത്. ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ വിശദവിവരങ്ങള്‍  എം.പിയും കലക്ടറും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ അധികൃതരെ ബോധ്യപ്പെടുത്തി. ചര്‍ച്ചയില്‍ ആര്‍.ഡി.ഒ എം.പി വിനോദും പങ്കെടുത്തു. തുടര്‍ന്ന് സംഘം ചെറുതോണി, ഇടുക്കി, രാജമുടി, വെള്ളത്തൂവല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പ്രകൃതിദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് വിലയിരുത്തി.

date