Skip to main content

ക്ഷേത്ര പ്രവേശന വിളംബരം 82-ാം വാര്‍ഷികം: ജില്ലാതല ഉദ്ഘാടനം ഇന്ന് (നവബര്‍ 10ന്)

       ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് (നവംബര്‍ 10)കൊണ്ടോട്ടിയില്‍ തുടക്കമാകും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി ജലീല്‍  ഉദ്ഘാടനം നിര്‍വഹിക്കും. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാവും. നവോത്ഥാന പോരാട്ട സ്മരണകള്‍ എന്ന പ്രമേയത്തില്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍  ടി.കെ.ഹംസ പ്രഭാഷണം  നടത്തും. ഇതിനു മുന്നോടിയായി രാവിലെ 9ന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് വിളംബര ജാഥയും സംഘടിപ്പിച്ചിട്ടുണ്ട്.  
നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തെ ആസ്പദമാക്കിയുള്ള ചരിത്ര പ്രദര്‍ശനം, സാംസ്‌കാരിക സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
നവംബര്‍ 11 ന് അക്കാദമിയിലെ മാനവീയം വേദിയില്‍ ആചാര-വിശ്വാസങ്ങളും ഭരണഘടനയും എന്ന വിഷയത്തില്‍  പ്രഭാകരന്‍ പഴശ്ശി പ്രഭാഷണം നടത്തും. വിദ്യാര്‍ഥികള്‍ക്കായി ചരിത്ര-ചിത്ര പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.  വൈകീട്ട് ഡോക്യുമെന്ററി പ്രദര്‍ശനവും ചേലേമ്പ്ര ചൂട്ട് നാടന്‍ കലാസംഘത്തിന്റെ നാടന്‍ പാട്ട് ദൃശ്യാവിഷ്‌കാരവും ചവിട്ടുകളിയും അരങ്ങേറും.
നവംബര്‍ 12 ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഹാളില്‍ നവോത്ഥാനം കുതിപ്പും കിതപ്പും എന്ന വിഷയത്തില്‍ പ്രഫ. എം.എം നാരായണന്‍ പ്രഭാഷണം നടത്തും. വൈകീട്ട് ഡോക്യുമെന്ററി പ്രദര്‍ശനവും സുരേഷ് തിരുവാലിയും സംഘവും നാടന്‍പാട്ടുകളും അവതരിപ്പിക്കും.
നവംബര്‍ 13 ന് രാവിലെ 10ന് ആചാരം, വിശ്വാസം, ജനാധിപത്യം എന്ന വിഷയത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. പെരിന്തല്‍മണ്ണ മനഴി സ്മാരക ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് കാതിലം നാട്ടു സംഗീത ട്രൂപ്പ് അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകള്‍ അരങ്ങേറും. പരിപാടിയുടെ ഭാഗമായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് നവോത്ഥാനസദസ്സുകളും നടക്കും. ജില്ലാ ഭരണകൂടവും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

date