Skip to main content

അന്ധകാരനഴി ഷട്ടറുകൾ തുറക്കൽ: ഉപദേശക സമിതി യോഗം 17ന്

ആലപ്പുഴ: അന്ധകാരനഴി ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ഉപദേശക സമിതിയുടെ യോഗം നവംബർ 17ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേരും.

 

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ  ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിയുള്ള വനിതകൾക്ക്  സൈഡിൽ ചക്രം  പിടിപ്പിച്ച സ്‌കൂട്ടർ  വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 30ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് ഓഫീസുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0477-2268598.

സൗജന്യ പി.എസ്.സി.  പരീക്ഷാപരിശീലനം

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുന്നപ്രയിൽ കുറവൻതോട് എം.ഇ.എസ്സ് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി.  യു.പി.എസ്.സി, ബാങ്കിങ് പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, അവധിക്കാല ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷവിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകൾ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. അപേക്ഷകൾ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഡിസംബർ 10നകം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കണം.  അപേക്ഷാഫോറം ഓഫീസിലും www.minoritywelfare.keral.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2287869.

 

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിങ് നടത്തി

ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് സിറ്റിങ് നടത്തി. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയിൽ രാവിലെ 10 ന്  ആരംഭിച്ച സിറ്റിങിൽ കമ്മീഷൻ മെമ്പർമാരായ  അഡ്വ. വി.വി. ശശീന്ദ്രൻ,  ടി.ജെ. ആഞ്ചലോസ് എന്നിവർ പങ്കെടുത്തു. ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ/ജോയിന്റ് ഡയറക്ടർ ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പരാതി സമർപ്പിച്ച അപേക്ഷകരും പങ്കെടുത്തു. കടാശ്വാസ കമ്മീഷന്റെ ശിപാർശ പ്രകാരം സർക്കാർ അനുവദിച്ച കടാശ്വാസ തുക ലഭിച്ചിട്ടും ഈട് ആധാരങ്ങൾ തിരികെ ലഭിക്കാത്തതിൽ ലഭിച്ച പരാതികൾ, കടാശ്വാസ തുക വായ്പാ കണക്കിൽ വരവ് വെച്ചതിലും ബാങ്കുകൾക്ക് ലഭിച്ച കടാശ്വാസ തുക വായ്പ കണക്കിൽ ചേർക്കാത്തതിലും അമിത പലിശ ഈടാക്കിയതിലും തുടങ്ങി വിവിധങ്ങളായ പരാതികൾ അദാലത്തിൽ കമ്മിഷന് ലഭിച്ചു.  അത്തരം പരാതികൾക്ക് പരിഹാരം നിർദ്ദേശിച്ചിരുന്നെങ്കിലും ചിലതെല്ലാം നടപ്പായിട്ടില്ല എന്ന് കാണുകയുണ്ടായി. വിവിധ സിറ്റിംഗുകളിൽ തീർപ്പാകാതിരുന്ന പരാതികളിൽ നോട്ടീസ് കൈപ്പറ്റിയ 30 കേസുകൾ കമ്മിഷൻ ഇന്ന് പരിഗണിച്ചു.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്, ചേർത്തല കാർഷിക ഗ്രാമ വികസന ബാങ്ക്, പെരുമ്പള്ളി സർവ്വീസ് സഹകരണ ബാങ്ക്, കരുവാറ്റ സർവ്വീസ് സഹകരണ ബാങ്ക്, മണ്ണഞ്ചേരി പെരുംതുരുത്ത് ഭവന നിർമ്മാണ സഹകരണ സംഘം, തങ്കി സർവ്വീസ് സഹകരണ ബാങ്ക്, കുത്തിയതോട് റൂറൽ ഹൗസിംഗ് സഹകരണ സംഘം, ഭവന നിർമ്മാണ ബോർഡ്, കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കമ്മിഷൻ പരിഗണിച്ചു. കമ്മീഷൻ ശിപാർശ പ്രകാരം അനുവദിച്ച കടാശ്വാസ തുക ലഭ്യമാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്ത ഏഴു കേസുകളിൽ കടാശ്വാസ തുക എത്രയും വേഗം ബാങ്കുകൾക്ക് അനുവദിക്കാൻ കമ്മീഷൻ ജോയിന്റ് രജിസ്ട്രാറോട് നിർദ്ദേശിച്ച് ഉത്തരവായി.മണ്ണഞ്ചേരി പെരുംതുരുത്ത് ഹൗസിംഗ് സഹകരണ സൊസൈറ്റിയിൽ നിന്നും വായ്പയെടുത്ത കേസുകളിൽ കടാശ്വാസം ലഭിച്ചിട്ടും ഹൗസിംഗ് ഫെഡറേഷനേയും കക്ഷിയാക്കി കേരള ഹൈക്കോടതിയിൽ കേസുള്ളതായും ഈട് വസ്തു വില്ക്കുന്നതിന് ലേല നടപടികൾക്ക് നോട്ടീസ് നല്കിയതായും ലഭിച്ച പരാതി കമ്മിഷൻ പരിഗണിച്ചു. അധിക തുക ഈടാക്കുന്നതിനായി എടുത്ത ലേല നടപടികൾ ഹൈക്കോടതിയിൽ ഉള്ള കേസിൽ തീരുമാനം വരുന്നതുവരെ ജപ്തി നടപടികളോ മത്സ്യത്തൊഴിലാളികളെ കുടിയിറക്കുന്ന നടപടികളോ യാതൊന്നും എടുക്കരുതെന്ന് കമ്മിഷൻ സംഘത്തോട് നിർദ്ദേശിച്ചു. തങ്കി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത ഒരു കേസ് പരിശോധിച്ചതിൽ 2008-ലെ വായ്പയാണെന്ന് കണ്ട് കടാശ്വാസത്തിന് പരിഗണിച്ചില്ല. എങ്കിലും 2008-ലെ വായ്പ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷ വിളിക്കുന്നതിന് നടപടി തുടങ്ങിയതായും അപ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ കടാശ്വാസത്തിന് പരിഗണിക്കുന്നതാണെന്നും കമ്മിഷൻ അറിയിച്ചു.പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്ത 5 കേസുകളിൽ  കടാശ്വാസം അനുവദിക്കുകയുണ്ടായെങ്കിലും കടാശ്വാസ തുക വരവ് വെക്കാത്തത് പരിശോധിച്ച് നിജസ്ഥിതി റിപ്പോർട്ട് ചെയ്യാൻ കെ.എസ്.ബി.സി.ഡി.സി. ജില്ലാ മാനേജരോട് കമ്മിഷൻ ആവശ്യപ്പെട്ടു.

പ്രളയം: റേഷൻ കാർഡുടമകൾക്ക്  മൂന്നു ലിറ്റർ മണ്ണെണ്ണ ആരംഭിക്കും

ആലപ്പുഴ: എല്ലാ റേഷൻ കാർഡുടമകൾക്കും നവംബർ മാസത്തേക്ക്  പ്രളയ ആശ്വാസമായി മൂന്നു ലിറ്റർ മണ്ണെണ്ണ 49 രൂപ നിരക്കിൽ  റേഷൻ കടകളിൽ നിന്നും  ലഭിക്കും. ഇത് സാധാരണ റേഷൻ വിഹിതമായി ലഭിക്കുന്ന 31 രൂപ  നിരക്കിലുള്ള  അര ലിറ്റർ മണ്ണെണ്ണയ്ക്ക് പുറമേയാണ്.  കൂടാതെ പൊതുവിഭാഗം, പൊതുവിഭാഗം സബ്‌സിഡി (വെള്ള, നീല) കാർഡുടമകൾക്ക്  അഞ്ചു കി.ഗ്രാം  അരി സൗജന്യ നിരക്കിൽ അധികമായും ലഭിക്കുമെന്ന് അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.  സ്റ്റോക്ക് എത്തിച്ചേർന്ന ഏത് റേഷൻ കടയിൽ നിന്നും ഈ റേഷൻ വാങ്ങുന്നതിനുള്ള പോർട്ടബിലിറ്റി സൗകര്യവും ഉണ്ട് .

പാണാവള്ളി പഞ്ചായത്ത് സമ്പൂർണ്ണ

 എൽ .ഇ.ഡി. തെരുവ് വിളക്കിലേക്ക്

 

 

ആലപ്പൂഴ: പാണാവള്ളി പഞ്ചായത്തിൽ അകെയുള്ള 936  തെരുവ് വിളക്കുകളും എൽ.ഇ. ഡിയാക്കുന്നു. നിലവിൽ ഉണ്ടായിരുന്ന ട്യൂബ്,  സി എഫ് ലാമ്പ് എന്നിവ മാറ്റി പകരം 2  വർഷം വാറണ്ടിയുള്ള ഓട്ടോമാറ്റിക് സെൻസറോടുകൂടിയ എൽ .ഇ.ഡി. തെരുവ് വിളക്കാണ് സ്ഥാപിക്കുന്നത്.

 

നിലവിൽ പൂച്ചാക്കൽ മുതൽ പുതിയപാലം വരെയും , തൃച്ചാറ്റുകുളം മുതൽ  ഇലക്ട്രിസിറ്റി കവല വരെയുള്ള പ്രധാന വഴികളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. 10  ദിവസത്തിനുള്ളിൽ പഞ്ചായത്തിന്റെ നിലവിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റും എൽ ഇ ഡി ആക്കി മാറ്റുവാൻ കഴിയും. ഇതിലൂടെ പഞ്ചായത്തിന് പ്രതിമാസം നിലവിൽ അടക്കുന്ന കറ് ചാർജ് ആയ   85000 ത്തിൽ അധികം  രൂപ എന്നത്  കുറക്കുവാനും തുടരെ തുടരെയുള്ള മെയ്ന്റനൻസ് തുക ലഭിക്കുവാനും കഴിയും. വാറണ്ടി സമയത്തു ഉണ്ടാകുന്ന   കേടുപാടുകൾ തീർക്കുവാൻ കമ്പനി കംപ്ലൈന്റ്‌റ് രജിസ്റ്ററും പഞ്ചായത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കടക്കം വിവരം നൽകാവുന്നതാണ് . സർക്കാർ സ്ഥാപനമായ കെൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. 20  ലക്ഷം രൂപയാണ് സമ്പൂർണ്ണ തെരുവ് വിളക്ക് പദ്ധതിക്കായി പഞ്ചായത്ത് ഭരണസമിതി 2018 -2019 

 യിൽ വകയിരുത്തിയത് . പ്രധാന  വീഥികളിൽ സ്ഥാപിച്ച ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രേംലാൽ ഇടവഴിക്കൽ, ക്ഷേമ കാര്യാ ചെയർമാൻ ഷീല കാർത്തികേയൻ , ജനപ്രധിനിധികളായ ഡോ. പ്രദീപ് കൂടക്കൽ , ശ്രീദേവി മഹാദേവൻ, സഫിയ ഇസഹാക്ക്, എസ്. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 

 

ലോക പ്രമേഹദിനത്തിൽ കൂട്ട നടത്തം

 

ആലപ്പൂഴ : ലോക പ്രമേഹദിനത്തിൽ  ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂരിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ കൂട്ട നടത്തം ഫ്ളാഗ് ഓഫ് ചെയ്തു. ഐ.എം.എ. യൂണിറ്റ് പ്രസിഡന്റ് ഡോ.ആർ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഉമ്മൻ വർഗ്ഗീസ്, വനിതാ വിഭാഗം പ്രസിഡന്റ് ഡോ: ഷേർലി ഫിലിപ്പ്, ഡോ: എ.പി.ഗീവർഗ്ഗീസ്, പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർസെക്കന്ററി സ്‌കൂൾ എൻ.സി.സി.ഓഫീസർ അലക്സ് വർഗ്ഗീസ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വി.വി.മിനിമോൾ, വിനോദ് മാത്യ, റിജോ ജോൺ ജോർജ് എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ :  ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂരിൽ സംഘടിപ്പിച്ച കുട്ട നടത്തം നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

 

 

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം 

 

ആലപ്പുഴ : സംസഥാന അസംഘടിത തൊഴിലാളി സുരക്ഷാ പദ്ധതി, കേരള ഡൊമസ്റ്റിക്ക് വർക്കേഴ്‌സ് ക്ഷേമനിധി പദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി, കേരള ബാർബർ തൊഴിലാളി ക്ഷേമ പദ്ധതി എന്നിവയിൽ നിന്നും റിട്ടയർമെന്റ് പെൻഷൻ /അവശത പെൻഷൻ ലഭിക്കുന്നവർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പെൻഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ഫോൺ നമ്പർ എന്നിവയുമായി അതതു ജില്ലാ ഓഫീസുകളിൽ ലഭ്യമാക്കണം.

date