Skip to main content

ശരണബാല്യം പദ്ധതിയുടെ സംസ്ഥാതല പ്രഖ്യാപനം നടത്തി

 

ബാലവേല - ബാലഭിക്ഷാടന -  ബാലചൂഷണ-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി 2016 ല്‍ പത്തനംതിട്ട ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ശരണ ബാല്യം പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തയ്യാറാക്കിയ ഹ്രസ്വചലച്ചിത്രത്തിന്റെ പ്രകാശനം സാമൂഹ്യനീതി - വനിത ശിശു വികസന - ആരോഗ്യ വകുപ്പ് മന്ത്രി  കെ.കെ .ഷൈലജ ടീച്ചര്‍  നിര്‍വ്വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം നവ്യാനായര്‍ മുഖ്യ അതിഥി ആയി.  സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക്, വനിത ശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍പാളയം രാജന്‍,മഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ: റംലാബീവി, സിനിമാതാരം മണികണ്ഠന്‍, ഡോ: അഷീല്‍, ശരണ ബാല്യം നോഡല്‍ ഓഫീസര്‍ എ.ഒ.അബീന്‍,  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ശരണ ബാല്യം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നതിനായി  എല്ലാ ജില്ലകളിലും ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. അതാത് ജില്ലകളിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ മുഖേനയാണ് പദ്ധതി നിര്‍വ്വഹണം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും മേല്‍ നോട്ടത്തിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗങ്ങളായുള്ള ജില്ല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാലവേല, ബാലഭിക്ഷാടനം, തെരുവില്‍ അകപ്പെടുന്ന കുട്ടികള്‍, കുട്ടിക്കടത്ത് എന്നിവയ്ക്ക് പുറമെ അതിക്രമങ്ങള്‍ക്കും  മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശരണ ബാല്യം പദ്ധതി മുഖേന സ്വീകരിക്കും.  ആദ്യഘട്ടത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നടത്തിയ ശരണ ബാല്യം പദ്ധതി പ്രവര്‍ത്തനത്തിലൂടെ 65 കുട്ടികളെ സുരക്ഷിതരാക്കുവാന്‍ കഴിഞ്ഞിരുന്നു. പ്രയാസകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളിലും ടോള്‍ ഫ്രീ നമ്പരുകളായ 1517, 1098 എന്നിവയിലും അറിയിക്കാവുന്നതാണ്.         (പിഎന്‍പി 3747/18)

date