Skip to main content

തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം: മന്ത്രി എ സി മൊയ്തീന്‍

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച ഉദ്യോഗസ്ഥ മനോഭാവം മാറണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കാക്കനാട് കളക്ട്രേട്രേറ്റില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 2018-19 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനത്തേക്ക് വലിച്ച്  നീട്ടി ബില്ല് മാറ്റം അടക്കമുള്ളവ സങ്കീര്‍ണ്ണമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് ചെറുതല്ല. ഇത് അനുവദിക്കാനാവില്ല. പട്ടികജാതിവര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വിനിയോഗത്തിലും ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥയാണ് വരുത്തുന്ന തെന്നും മന്ത്രി കുറ്റപ്പെടുത്തി. ജില്ലയിലെ പദ്ധതി ചെലവ് വിനിയോഗത്തില്‍ വന്‍ കുറവാണുള്ളത്. പ്രളയമടക്കമുള്ള കാരണങ്ങള്‍ അതിന് പറയാമെങ്കിലും പ്രളയം ബാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടേയും അവസ്ഥ വിഭിന്നമല്ല. അവലോകനവും ഏകോപനവുമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. പരസ്പരം കൂടിയാലോചിച്ച് പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന ഭരണ സമിതികളും ശ്രദ്ധിക്കണം. ഇതു വഴി  അടുത്ത മാസം അവസാനത്തോടെ 70 ശതമാനവും ജനുവരി അവസാനത്തോടെ നൂറ് ശതമാനവും പദ്ധതി വിഹിതം ചെലവഴിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളും വകുപ്പ് മേധാവികളുമാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്.201819 വര്‍ഷത്തെ പുതിയ പദ്ധതികളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ച ഗ്രാമപഞ്ചായത്തുകളില്‍ മുളന്തുരുത്തി (60%) ക്കാണ് ഒന്നാം സ്ഥാനം.തിരുവാണിയൂര്‍ (45. 24%) രണ്ടാം സ്ഥാനവും പോത്താനിക്കാട് (45.12 % ) മൂന്നാം സ്ഥാനവുമാണുള്ളത് .ഏറ്റവും കുറവ് എടത്തല (5.21%) യാണ്. ചേരാനല്ലൂര്‍ (9.74),കടമക്കുടി (15.53%) എന്നിവയാണ് തൊട്ടുപിന്നില്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത് വൈപ്പിന്‍ ( 54.03) ആണ്. ഇടപ്പള്ളി (48. 12 ), കൂവപ്പടി (47.11) എന്നിവയാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് പാമ്പാക്കുട ( 26.18), വാഴക്കുളം (26.48), മൂവാറ്റുപുഴ (26.53) എന്നിവിടങ്ങളിലാണ്.നഗരസഭകളില്‍ കൂത്താട്ടുകുളം (33.49), പിറവം (29.58) എന്നിവയാണ് മുന്നില്‍. മരട് (13.20), പെരുമ്പാവൂര്‍ (15.51) എന്നിവയാണ് പിന്നില്‍.എറണാകുളം ജില്ലാ പഞ്ചായത്ത് (28.9 ), കൊച്ചി കോര്‍പ്പറേഷന്‍ ( 16.43) എന്നിങ്ങനെയും പദ്ധതി വിഹിതം ചെലവഴിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ മത്സ്യ ബന്ധന മേഖലയിലാണ് ഏറ്റവും കുറവ് പദ്ധതി വിഹിതം (5.24) ചെലവഴിച്ചിട്ടുള്ളത്. പാര്‍പ്പിട മേഖലയിലാണ് ഏറ്റവും കൂടുതല്‍ (55. 51) ചെലവഴിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥ ക്ഷാമം, പ്രളയം ബാധിച്ച വീടുകളിലെ കണക്കുകളിലെ അപാകത, ഫണ്ടിന്റെ അപര്യാപ്തത തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. അടിയന്തിരമായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന മുറി നിര്‍മ്മാണത്തിനുള്ള ആനുകൂല്യം താമസിക്കുന്ന വീട് പിതാവിന്റെ പേരിലല്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി നിഷേധിക്കുകയാണെന്ന് ചില പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ പട്ടികജാതി ഓഫീസറെ ചുമതലപ്പെടുത്തി.യോഗത്തില്‍ ജില്ലാ കളക്ടര്‍  കെ.മുഹമ്മദ് വൈ സഫിറുള്ള സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍.ഗിരിജ, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എം.പി.അജിത്ത് കുമാര്‍, ഗ്രാമവികസന വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ എല്‍ .പി.ചിത്തര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ലിറ്റി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു

date