Skip to main content

ഹരിത തീര്‍ഥാടനത്തിന് സജീവ ഇടപെടലുകളുമായി ശുചിത്വമിഷന്‍

 

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം പ്രകൃതിസൗഹൃദമായ രീതിയില്‍ നടത്തുന്നതിന് സജീവമായ ഇടപെടലുകളാണ് ജില്ലാ ശുചിത്വമിഷന്‍ നടത്തുന്നത്. ബോധവത്ക്കരണം മുതല്‍ മാലിന്യ സംസ്‌കരണം വരെ എല്ലാ കാര്യങ്ങളിലും കൃത്യമായ ഇടപെടലുകള്‍ നടത്തത്തക്കവിധമാണ് ശുചിത്വമിഷന്‍ പരിപാടികള്‍ ആസൂത്രണ് ചെയ്ത് നടപ്പാക്കിയിട്ടുള്ളത്. റെയില്‍വേ കിയോസ്‌ക് വഴി തുണിസഞ്ചി വിതരണം, ഗ്രീന്‍ ഗാര്‍ഡ്സ്, പ്ലാസ്റ്റിക് വെയ്സ്റ്റ് കളക്ഷന്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ കാര്‍ഡ്, പോസ്റ്ററുകള്‍, ബസ് ബ്രാന്‍ഡിംഗ്, റെയില്‍വേ സംഗീതശകലം, വീഡിയോ പ്രദര്‍ശനം തുടങ്ങി പ്രകൃതി സൗഹൃദ തിരുവാഭരണ യാത്ര വരെ നീളുന്ന പരിപാടികളാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിനായി റെയില്‍ മാര്‍ഗം ചെങ്ങന്നൂര്‍, റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്കായി കന്നട, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ റെയില്‍വേ സംഗീതശകലം വഴിയുള്ള ബോധവല്‍ക്കരണം നല്‍കും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വാങ്ങുകയും പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയും ചെയ്യുന്ന കിയോസ്‌ക് പ്രവര്‍ത്തനം ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. രശ്മിമോള്‍ പറഞ്ഞു. പമ്പയിലേയ്ക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരവിരുദ്ധമാണെന്നും ശബരിമലയും കാനനപാതയും പ്ലാസ്റ്റിക് വിമുക്തമായി സംരക്ഷിക്കണമെന്നുള്ള വിവിധ ഭാഷയിലുള്ള സന്ദേശവും ശബരിമലയിലെ വിശേഷദിവസങ്ങളും രേഖപ്പെടുത്തിയ പോക്കറ്റ് കാര്‍ഡുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. തീര്‍ത്ഥാടകരുടെ വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലും ബോധവല്‍ക്കരണ സ്റ്റിക്കറുകള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍, ശുചിത്വമിഷന്‍ വോളന്റിയര്‍മാര്‍ വഴി പതിപ്പിക്കുന്നുണ്ട്. ജില്ലയിലേയും സമീപ ജില്ലകളിലേയും പ്രധാന കേന്ദ്രങ്ങളിലും ശബരിമല ഇടത്താവളങ്ങളിലും ബോധവല്‍ക്കരണ പോസ്റ്ററുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പമ്പ മറ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ വീഡിയോ പ്രദര്‍ശനം എന്നിവയും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. പമ്പയിലേയ്ക്ക് വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് പമ്പാ സ്നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്സ് എന്ന പേരില്‍ ജില്ലാ ശുചിത്വമിഷന്റെ 30 റിസോഴ്സ് പേഴ്സന്മാര്‍ ഉണ്ടാകും. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ഇവരെ ക്രമീകരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായുള്ള ബോക്സുകള്‍ പമ്പ നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിത്വമിഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ളാഹ മുതല്‍ പമ്പ വരെയും കണമല മുതല്‍ ളാഹ വരേയും വാഹനങ്ങളില്‍ സഞ്ചരിക്കുന്ന തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും വനാതിര്‍ത്തികളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവാണ്. ഇങ്ങനെ തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങള്‍ വനംവകുപ്പിന്റെ എക്കോ ഗാര്‍ഡുകള്‍ വഴി ശേഖരിച്ച്  ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്വകാര്യഏജന്‍സി മുഖേന നീക്കം ചെയ്യുന്നുമുണ്ട്. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് തിരുവാഭരണപാതയില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റ് അലങ്കാരങ്ങള്‍ക്കും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പാത പരിശുദ്ധമായി സംരക്ഷിക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. തീര്‍ത്ഥാടന കാലയളവിന് ശേഷം പമ്പ, നിലയ്ക്കല്‍, മറ്റു കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വമിഷന്‍ നേതൃത്വം നല്‍കും. 

     (പ്രതേ്യക പത്രക്കുറിപ്പ് 19/18)

date