Skip to main content

എറണാകുളം അറിയിപ്പുകള്‍ 2

കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പെയ്ന്‍ 'അശ്വമേധം'  ഡിസംബര്‍ അഞ്ചു മുതല്‍

കാക്കനാട്: കുഷ്ഠരോഗംമൂലമുള്ള  വൈകല്യം കൂടുതലുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന രോഗനിര്‍ണ്ണയ ക്യാമ്പെയ്ന്‍ 'അശ്വമേധം' ഡിസംബര്‍ അഞ്ചിനു ജില്ലയില്‍  തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.   നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, കൈകാല്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നീ ലക്ഷണങ്ങളാണ് 14 ദിവസം നീളുന്ന ക്യാമ്പെയ്‌നിലൂടെ പരിശോധിക്കുക.  
ചികിത്സ ലഭ്യമാക്കാത്തതോ മറച്ചുവെച്ചതോ ആയ രോഗവിവരം പുറത്തു കൊണ്ടുവരികയും ചികിത്സിച്ചു ഭേദമാക്കുകയുമാണ് ലക്ഷ്യം.  
ജില്ലയിലെ 19 ഹെല്‍ത്ത് ബ്ലോക്കുകളും 10 താലൂക്ക് / ജില്ല/ ജനറല്‍ ആശുപത്രികളും 15 അര്‍ബന്‍ പി.എച്ച്.സി.കളും കേന്ദ്രീകരിച്ചാണ് പരിപാടി നടത്തുക എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.കെ.കുട്ടപ്പന്‍  പറഞ്ഞു.  ഒരു പുരുഷ വളണ്ടിയറും ഒരു വനിതാ വളണ്ടിയറുമടങ്ങുന്ന സംഘം വീടുകള്‍ സന്ദര്‍ശിച്ച് രോഗലക്ഷണമുള്ളവരെ കണ്ടെത്തി രോഗനിര്‍ണയത്തിന് ആശുപത്രിയില്‍ പോകുന്നതിന് പ്രേരണ നല്‍കും.  പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് അഞ്ച് സംഘങ്ങള്‍ക്ക് ഓരോ സൂപ്പര്‍വൈസര്‍മാരേയും ഏര്‍പ്പെടുത്തും.  തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശു സംരക്ഷണം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളുടെ സഹകരണവും ക്യാമ്പെയ്‌നില്‍  ഉറപ്പാക്കും.
ഗ്രാമീണ മേഖലയില്‍ 6,83,592 വീടുകളിലും അര്‍ബന്‍ മേഖലയില്‍ 1,65,959 വീടുകളിലും സംഘം സന്ദര്‍ശനം നടത്തും.  കൂടാതെ ജില്ലയില്‍ പത്തു ലക്ഷത്തിലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളേയും നഗരപ്രദേശങ്ങളിലെ ചേരികളില്‍ താമസിക്കുന്നവരെയും ഗോത്രവിഭാഗങ്ങളെയും സന്ദര്‍ശിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിക്കും.  ക്യാമ്പെയ്ന്‍ നടത്താന്‍ 5,000 വീതം പുരുഷ, സ്ത്രീ വളണ്ടിയര്‍മാരെ ആവശ്യമുണ്ട്.  വളണ്ടിയറാകാന്‍ സന്നദ്ധതയുള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിവരമറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളിലാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുക.    

കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.ആര്‍.വിദ്യ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹന ലേലം

കൊച്ചി: എറണാകുളം എക്‌സൈസ്  ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ രണ്ട് കാര്‍, രണ്ട് ഓട്ടോറിക്ഷ, ഒമ്പത് -ഇരുചക്രവാഹനങ്ങള്‍, ഒരു പിക്അപ് വാന്‍, ഒരു മിനിട്രക്ക് എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി നവംബര്‍ 23-ന് രാവിലെ 11-ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ പരസ്യലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2786848.

ഞങ്ങളുടെ അവകാശത്തിനായി ഒരു ചുവട്
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാല്യം ചിരിക്കട്ടെ എന്ന പേരില്‍ നടത്തിവരുന്ന ബാലാവകാശ വാരാചരണം 2018 ന്റെ ഭാഗമായി നവംബര്‍ 19 ന് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.  തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികദേവി ഫ്‌ളാഗ് ഓഫ് ചെയ്തു.  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ ബി അദ്ധ്യക്ഷത വഹിച്ചു.  തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുടെ സൈക്കിള്‍റാലിയും ബാന്റും  പൊതുജന ശ്രദ്ധ നേടി.  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.  കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഒരുമിച്ച് മുന്നേറാം എന്ന  ആശയത്തിന്റെയും  ബാലാവകാശങ്ങളുടെയും പ്രചാരണവുമായി സൈക്കിള്‍ റാലി മാറി. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആരിഭ എ, ഓ ആര്‍ സി നോഡല്‍ ടീച്ചര്‍  ദുര്‍ഗ്ഗ എന്നിവര്‍ ബാലാവകാശ വാരാചരണത്തിനും സൈക്കിള്‍ റാലിക്കും  ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

date