Skip to main content
 തീരമൈത്രി പദ്ധതിയുടെ കീഴില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന നീലേശ്വരത്തെ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ്.

സ്വയം തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച്  തീരമൈത്രി പദ്ധതി

തീരദേശ മേഖലയുടെ സാമൂഹിക വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതി മത്സ്യത്തൊഴിലാളികളുടെ അതിജീവനപാതയില്‍ പുത്തന്‍ പ്രതീക്ഷയാകുന്നു. ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷറീസ് വുമണ്‍ (സാഫ്) ഏജന്‍സി വഴി നടപ്പാക്കുന്ന തീരമൈത്രി പദ്ധതി മത്സ്യത്തൊഴിലാളികളായ വനിതകള്‍ക്ക് നിരവധി തൊഴില്‍ സാധ്യതകളാണ് തുറക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 1100 ഓളം തൊഴില്‍ സംരഭങ്ങളാണ് പദ്ധതിയുടെ കീഴില്‍ ആരംഭിച്ചത്. അഞ്ചുകോടി രൂപ വരെ പ്രതിമാസ വ്യാപാരം നടക്കുന്നു. ഇതില്‍ രണ്ട് കോടിയോളം രൂപ ശമ്പളയിനത്തില്‍ ചെലവഴിക്കുന്നുണ്ട്. ജില്ലയില്‍ മാത്രം 49 സംരഭങ്ങള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ മുപ്പതോളം പുതിയ പ്രൊജക്ടുകളുടെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഫിഷറീസ് വകുപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ പി.വി. സതീശന്‍ പറഞ്ഞു.
    പദ്ധതി പ്രകാരം രണ്ട് മുതല്‍ നാലു വരെ മത്സ്യത്തൊഴിലാളി വനിതകള്‍ ഉള്‍പ്പെടുന്ന ഒരു യൂണിറ്റിന് തിരിച്ചടവില്ലാത്ത മൂന്നു ലക്ഷം രൂപ വരെ തുകയനുവദിക്കും. ടൈലറിംഗ് യൂണിറ്റ്, പലചരക്കു കട, ഹോട്ടല്‍, ബ്യൂട്ടി പാര്‍ലര്‍, കാറ്ററിംഗ് സര്‍വീസ്, ഫ്‌ളോര്‍ മില്ല് തുടങ്ങിയ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങളിലേക്കാണ് തീരദേശ മേഖലയിലെ വനിതകള്‍ മുന്നിട്ടിറങ്ങുന്നത്. തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സാഫിന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റ് ട്രെയ്‌നിങ്ങും അച്ചീവ്‌മെന്റ് മോട്ടിവേഷന്‍ ട്രെയ്‌നിങ്ങുമുള്‍പ്പെടെ പഞ്ചദിന പരിശീലനം നല്‍കി വരുന്നുണ്ട്. തൊഴില്‍ സംരഭത്തിന്  പ്രൊഫഷണല്‍ മുഖം കൈവരിക്കുന്നതിന് ഈ പരിശീലനം വളരെയധികം സഹായകമാവുന്നുണ്ടെന്ന് പി.വി. സതീശന്‍ പറഞ്ഞു. 
     12 പഞ്ചായത്തും മൂന്ന് നഗരസഭകളിലുമായി 15 തീരദേശ മേഖലകളാണ് ജില്ലയിലുള്ളത്. ഈ മേഖലകളിലെല്ലാം  തീരമൈത്രി മാനേജ്‌മെന്റ് കമ്മിറ്റി (ടിഎംസി) രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനായ കമ്മിറ്റി വഴിയാണ് തീരമൈത്രി പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. 
    ജില്ലയില്‍ ആരംഭിച്ച സംരഭങ്ങളെല്ലാം തന്നെ വിജയകരമായി മുന്നോട്ടുള്ള പാതയിലാണ്. പദ്ധതിയുടെ അനുബന്ധമായി മറ്റു നിരവധി സേവനങ്ങളും സാഫിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നുണ്ട്. നവംബര്‍ 22ന് ജില്ലയിലെ 49 തൊഴില്‍ യൂനിറ്റുകളിലെ ഓരോ പ്രതിനിധിയെ ഉള്‍പ്പെടുത്തി മൈസൂരിലേക്ക് 'ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്'  നടത്തുന്നു. ദ്വിദിനയാത്രയുടെ ഭാഗമായി സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മൈസൂര്‍ സില്‍ക്ക് നിര്‍മ്മാണ കേന്ദ്രം എന്നിവ സന്ദര്‍ശിക്കും.പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് മല്‍സ്യത്തൊഴിലാളി വനിതകള്‍ ഇനിയും കൂടുതല്‍ മുന്നോട്ട് വരണമെന്നും സ്ത്രീ സമൂഹത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക വഴി സാമൂഹിക വികസനം സാധ്യമാണെന്നും ഫിഷറീസ് വകുപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ പറഞ്ഞു.

date