Skip to main content

വയോധികര്‍ക്ക് സമ്പൂര്‍ണ സൗഖ്യമേകി സൗഖ്യം പദ്ധതി

 

നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്‍റെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സൗഖ്യം പദ്ധതി മുന്നോട്ട്. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴു പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി 60 വയസ്സിനു മുകളില്‍ പ്രായമുള്ള, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സൗഖ്യം. എല്ലാമാസവും ആദ്യത്തെ വെള്ളിയാഴ്ചയും മൂന്നാമത്തെ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ 12 മണി വരെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സൗഖ്യം വയോജന ക്ലിനിക്ക് മുഖേന രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് വൈദ്യ പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാക്കും. പാലക്കാട് ജില്ലയില്‍ സൗഖ്യം പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്താണ് നെന്മാറ. ശ്രീക്ഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രം 'കാരണവര്‍ കൂട്ടം' എന്ന പേരില്‍ സമാന പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതിന്‍റെ ചുവടുപിടിച്ചാണ് നെന്മാറ ബ്ലോക്കും പദ്ധതിക്ക് തുടക്കമിട്ടത്.
കഴിഞ്ഞ നവംബറിലാണ് കെ.ബാബു എം.എല്‍.എ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ തുടക്കമിട്ട പദ്ധതി ഒരുമാസം പിന്നിടും മുമ്പേ ജനകീയമായി തീര്‍ന്നു. ഓരോ പഞ്ചായത്തിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം മുഖേന സൗഖ്യം പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് ഇവരെ വിധേയരാക്കുകയും ചെയ്യുന്നു. പദ്ധതി പ്രകാരം ചികിത്സയും മരുന്നുകളും സൗജന്യമാണ്. ആശാ വര്‍ക്കര്‍മാര്‍, പഞ്ചായത്ത് മമ്പര്‍മാര്‍ തുടങ്ങിയവര്‍ വഴി  ഒറ്റപ്പെടലുകളില്‍ നിന്ന് ശാരീരികമായും മാനസികമായും തളര്‍ന്നവരെ മുഖ്യധാരയിലെത്തിക്കാനും പദ്ധതിയുടെ ഭാഗമായി സാധിക്കും. ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസം ഇല്ലാതെയാണ് വയോധികര്‍ക്ക് ചികിത്സ നല്‍കുന്നതെന്ന് നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ടും സൗഖ്യം പദ്ധതിയുടെ ഇംപ്ലിമെന്‍റിങ് ഓഫീസറുമായ ഡോ.ജോവിന്‍ ജോസ് പറഞ്ഞു. പദ്ധതിക്കായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. രാമകൃഷ്ണന്‍ അറിയിച്ചു.

date